India - 2025
മാര്‍ കുര്യാളശ്ശേരിയുടേത് അനുകരണീയ മാതൃക: ആര്‍ച്ച് ബിഷപ്പ് പെരുന്തോട്ടം
സ്വന്തം ലേഖകന്‍ 03-06-2017 - Saturday
ചങ്ങനാശേരി: വിശുദ്ധകുർബാനയോടുള്ള ഭക്തിയിൽ അടിയുറച്ചു ജീവിച്ച മാർ തോമസ് കുര്യാളശേരിയുടേത് അനുകരണീയമായ മാതൃകയാണെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ 92-ാം ചരമവാർഷികാചരണം സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ ആചരിച്ചു സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. രണ്ടാം വത്തിക്കാൻ കണ്‍സിൽ നടക്കുന്നതിന് ആറു പതിറ്റാണ്ടു മുന്‍പുതന്നെ കൗണ്‍സിലിന്റെ ദർശനങ്ങൾ മാർ കുര്യാളശേരി തന്റെ പ്രബോധനത്തിലൂടെ വിശ്വാസ സമൂഹത്തിനു പകർന്നു നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാവിലെ നടന്ന വിശുദ്ധ കുർബാനയിലും പ്രാർഥനാ ശുശ്രൂഷകളിലും നാടിന്റെ നാനാഭാഗങ്ങളിൽനിന്നായി വിശ്വാസി സഹസ്രങ്ങൾ പങ്കെടുത്തു. മർത്ത് മറിയം കബറിട പള്ളിയിലെ മാർ കുര്യാളശേരിയുടെ കബറിടത്തിലും വിശ്വാസികൾ എത്തി. വികാരി ഫാ. കുര്യൻ പുത്തൻപുര സഹകാർമികനായിരുന്നു. രാവിലെ ആറിന് നടന്ന വിശുദ്ധ കുർബാനമധ്യേ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ സന്ദേശം നൽകി. 10.30ന് ജഗദൽപൂർ ബിഷപ് മാർ ജോസഫ് കൊല്ലംപറന്പിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
ശ്രാദ്ധാടിയന്തിരത്തിന്റെ വെഞ്ചിപ്പ് കർമവും സിസ്റ്റർ ലിസി കണിയാന്പറന്പിൽ മാർ കുര്യാളശേരിയെക്കുറിച്ചു രചിച്ച ചിത്രകഥയുടെ പ്രകാശനവും മാർ കൊല്ലംപറന്പിൽ നിർവഹിച്ചു. ഫാ. ജോസി താമരശേരി, ഫാ. ജോസഫ് കൊല്ലാറ എന്നിവർ സഹകാർമികരായിരുന്നു. 12ന് അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ഫാ. ജോസ് മുകളേൽ, ഫാ. വർഗീസ് താനമാവുങ്കൽ, മോണ്‍. ഫിലിപ്സ് വടക്കേക്കളം, ഫാ. ജോബി മൂലയിൽ, ഫാ.അനീഷ് കുടിലിൽ, ഫാ.നിധിൻ പഴയമഠം, ഫാ. തോമസ് ചെറുപുരക്കൽ എന്നിവർ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
ഉച്ചകഴിഞ്ഞ് രണ്ടിന് ഫാ. വർഗീസ് പുത്തൻപുരയ്ക്കൽ ദിവ്യകാരുണ്യ ആരാധന നയിച്ചു. ആരാധനാ സന്യാസിനീ സമൂഹത്തിന്റെ വിവിധ പദവി അലങ്കരിക്കുന്നവര്‍ ചടങ്ങിന് നൽകി.