News - 2024
സത്യവിശ്വാസത്തിന്റെ ധീര രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ട പദവിയില്‍
സ്വന്തം ലേഖകന്‍ 03-06-2019 - Monday
ബ്ലാജ്: റൊമേനിയയിലെ കിരാതമായ കമ്മ്യൂണിസ്റ്റ് ഭരണത്തിനു കീഴില്‍ സത്യവിശ്വാസം മുറുകെ പിടിച്ചതിന്റെ പേരില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന ഏഴു ഗ്രീക്ക് കത്തോലിക്ക ബിഷപ്പുമാരെ പതിനായിരകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. ഇടുങ്ങിയ തത്വശാസ്ത്രത്തെ എതിര്‍ത്തതിന്റെ പേരിലാണ് ഇവര്‍ക്കു ജീവന്‍ വെടിയേണ്ടിവന്നതെന്നും വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്ന കത്തോലിക്കരുടെ ആദര്‍ശ മാതൃകകളാണ് ഈ രക്തസാക്ഷികളെന്നും പാപ്പ സന്ദേശത്തില്‍ പറഞ്ഞു.
ഭരണകൂടം കത്തോലിക്കരോട് വിശ്വാസം ത്യജിക്കാന്‍ ആവശ്യപ്പെട്ട ട്രാന്‍സില്‍വേനിയയിലെ ബ്ലാജ് നഗരത്തിലെ 'ഫീല്‍ഡ് ഓഫ് ലിബര്‍ട്ടി' എന്ന വളപ്പിലായിരുന്നു നാമകരണച്ചടങ്ങുകള്‍ നടത്തിയതെന്നത് ശ്രദ്ധേയമാണ്. 1950-70 കാലത്തു കത്തോലിക്കാ വിശ്വാസികളോട് ഓര്‍ത്തഡോക്‌സ് സഭയില്‍ ചേരാന്‍ ആവശ്യപ്പെട്ടായിരിന്നു കമ്മ്യൂണിസ്റ്റ് ഭരണകൂടം പീഡനങ്ങള്‍ അഴിച്ചുവിട്ടത്. ഇതേ തുടര്‍ന്നുണ്ടായ ക്രൂരമായ മതമര്‍ദ്ദനത്തില്‍ ആയിരക്കണക്കിനു പുരോഹിതരാണ് തടവറയില്‍ പീഡിപ്പിക്കപ്പെട്ടത്. ഇക്കാലയളവില്‍ കത്തോലിക്കാ സഭയുടെ സ്വത്തുകള്‍ പിടിച്ചെടുത്ത് ഓര്‍ത്തഡോക്‌സ് സഭയ്ക്കു ഭരണകൂടം കൈമാറിയിരിന്നു.
കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണത്തിനിടെ പീഡനമേറ്റ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ഏതാനും അംഗങ്ങള്‍ മാത്രമാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ട ബിഷപ്പുമാര്‍. ഇന്നലെ നടന്ന നാമകരണ ചടങ്ങുകള്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ ബൈസന്റൈന്‍ ആരാധാനാക്രമം അനുസരിച്ചായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ ഇതാദ്യമായിട്ടാണ് ഈ ആരാധാനക്രമത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്നത്. അതേസമയം ത്രിദിന റൊമേനിയന്‍ പര്യടനം അവസാനിപ്പിച്ച പാപ്പ ഇന്നലെ വൈകീട്ട് വത്തിക്കാനില്‍ തിരിച്ചെത്തി.