News - 2024

പ്രോലൈഫ് അക്കൗണ്ടുകള്‍ക്ക് നിരോധനം: ഗര്‍ഭഛിദ്രത്തെ വീണ്ടും പിന്തുണച്ച് ട്വിറ്റര്‍

സ്വന്തം ലേഖകന്‍ 07-06-2019 - Friday

കാലിഫോര്‍ണിയ: പ്രമുഖ നവമാധ്യമമായ ട്വിറ്ററിന്റെ നിഷ്പക്ഷത വീണ്ടും പ്രതിക്കൂട്ടില്‍. ഗര്‍ഭഛിദ്രത്തിനെതിരെയും ജീവന്റെ മഹത്വത്തെയും മാനിച്ചുള്ള ഉള്ളടക്കങ്ങളുടെ പേരില്‍ പ്രോലൈഫ് പേജുകള്‍ക്ക് ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്തിയതാണ് പുതിയ വിവാദം. തന്റെ രണ്ട് അക്കൗണ്ടുകളും ട്വിറ്റര്‍ നിരോധിച്ചുവെന്ന്‍ ‘ലൈവ് ആക്ഷന്‍' പ്രോലൈഫ് സംഘടയുടെ സ്ഥാപകയായ ലിലാ റോസിന്റെ വെളിപ്പെടുത്തലാണ് ട്വിറ്ററിനെ വീണ്ടും വിവാദത്തിലാക്കിയിരിക്കുന്നത്. ഇതാദ്യമായല്ല ലില റോസിനെതിരെയുള്ള ട്വിറ്ററിന്റെ വിവേചനം വാര്‍ത്തയാകുന്നത്.



ഇതിനെതിരെ പരാതിപ്പെട്ടപ്പോള്‍ അബോര്‍ഷനെക്കുറിച്ചുള്ള കാര്യങ്ങളും, പ്ലാന്‍ഡ് പാരന്റ്ഹുഡിനെക്കുറിച്ചുള്ള അന്വേഷണങ്ങളും, അള്‍ട്രാസൗണ്ട് സ്കാന്‍ ഇമേജുകളും പോസ്റ്റില്‍ നിന്നും നീക്കം ചെയ്‌താല്‍ മാത്രമേ അക്കൗണ്ട് പുനരാരംഭിക്കുകയുള്ളൂ എന്ന മറുപടിയാണ് ട്വിറ്ററില്‍ നിന്നും ലഭിച്ചതെന്നും ലില റോസ് കുറിച്ചു. ട്വിറ്ററിന്റെ ഭാഗത്ത് നിന്നും നേരിടേണ്ടി വരുന്ന വിവേചനത്തിന്റെ പേരില്‍ വര്‍ഷങ്ങളായി ‘ലൈവ് ആക്ഷന്‍’ ട്വിറ്ററുമായി പോരാട്ടത്തിലാണ്.



ആശയസംഹിതയുടെ പേരിലും, കാഴ്ചപ്പാടിന്റെ പേരിലും ഒരു അക്കൗണ്ടും തങ്ങള്‍ റദ്ദാക്കില്ലെന്ന ട്വിറ്റര്‍ തലവന്‍ ജാക്ക് ഡോര്‍സിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് റോസ് ആരോപിച്ചു. വിദ്വേഷപരം, പ്രകോപനപരം എന്ന് പറഞ്ഞുകൊണ്ട് വര്‍ഷങ്ങളായി ട്വിറ്ററില്‍ നിന്നും തന്നെ വിലക്കിയിരിക്കുകയായിരുന്നുവെന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും റോസ് വെളിപ്പെടുത്തിയിരുന്നു. തനിക്ക് പറയുവാനുള്ളതൊന്നും ട്വിറ്റര്‍ കേള്‍ക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റോസിന്റെ ഈ വെളിപ്പെടുത്തലോട് കൂടി നിരവധിപേരാണ് ട്വിറ്ററിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.



‘ഭീകരം’, ‘വിവേചനപരം’ ‘പുതിയ ചൈന’ എന്നൊക്കെയാണ് ട്വിറ്ററിനെ ചിലര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം നിരോധിക്കപ്പെടേണ്ട പല ഉള്ളടക്കങ്ങളും ട്വിറ്റര്‍ സെന്‍സര്‍ ചെയ്യാത്തതെന്തുകൊണ്ടാണെന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ഇതിനു മുന്‍പും ഗര്‍ഭഛിദ്രത്തെയും സ്വവര്‍ഗ്ഗ വിവാഹത്തെയും പിന്തുണച്ചുകൊണ്ടുള്ള നിലപാടുമായി ട്വിറ്റര്‍ രംഗത്തുവന്നിരിന്നു.


Related Articles »