News - 2024

നാളെ ഒരു മണിക്ക് ഒരു മിനിറ്റു പ്രാര്‍ത്ഥിക്കാമോ?: ഫ്രാന്‍സിസ് പാപ്പയുടെ അഭ്യര്‍ത്ഥന

സ്വന്തം ലേഖകന്‍ 07-06-2019 - Friday

വത്തിക്കാന്‍ സിറ്റി: പാലസ്തീന്‍ ഇസ്രായേല്‍ അനുരഞ്ജനത്തിനും ലോക സമാധാനത്തിനുമായി നാളെ ഒരു മിനിറ്റ് നേരം പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനില്‍ ബുധനാഴ്ച നടന്ന പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് പ്രാര്‍ത്ഥനയ്ക്കുള്ള അഭ്യര്‍ത്ഥന പാപ്പ നടത്തിയത്. ഇസ്രായേല്‍-പലസ്തീന്‍ ബന്ധങ്ങളില്‍ അനുരഞ്ജനം ഉണ്ടാകണമെന്നും വിശുദ്ധനാട്ടില്‍ സമാധാനം വളരണമെന്നുമുള്ള ആഗ്രഹത്തോടെ ലോക സമാധാനത്തിനായി പെന്തക്കുസ്ത തിരുനാളിന്റെ തലേന്നായ നാളെ ഉച്ചക്ക് ഒരു മണിക്ക് ഒരു മിനിറ്റ് പ്രാര്‍ത്ഥിക്കുവാനാണ് ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കത്തോലിക്ക പ്രവര്‍ത്തകരുടെ രാജ്യാന്തര സംഘടനയായ കാത്തലിക് ആക്ഷനാണ് പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്നത്.

2014-ലെ വിശുദ്ധനാട് അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ പ്രശ്നങ്ങള്‍ തുടരുന്ന ഇസ്രായേല്‍, പലസ്തീന്‍ രാഷ്ട്രങ്ങളുടെ തലവന്മാരെ പ്രാര്‍ത്ഥിക്കാനും സംവദിക്കാനുമായി പാപ്പ വത്തിക്കാനിലേയ്ക്കു ക്ഷണിച്ചിരുന്നു. അന്നത്തെ പ്രസിഡന്‍റുമാര്‍സീമോണ്‍ പേരസും, മുഹമ്മദ് അബ്ബാസും ആ ക്ഷണം സ്വീകരിച്ച്, അതേ വര്‍ഷം ജൂണ്‍ 8ന് അനുരഞ്ജനപ്രാര്‍ത്ഥനയ്ക്കും സംവാദത്തിനുമായി വത്തിക്കാനില്‍ എത്തി. വത്തിക്കാന്‍ തോട്ടത്തില്‍വെച്ചായിരിന്നു യഹുദരും മുസ്ലീങ്ങളും ക്രൈസ്തവരും അന്ന്‍ പാലസ്തീന്‍ - ഇസ്രായേലിന്‍റെ സമാധാനത്തിനായി ഒരുമിച്ചു പ്രാര്‍ത്ഥിച്ച വേദി. അതിന്റെ അനുസ്മരണമായാണ് പ്രാര്‍ത്ഥിക്കുന്നത്. നാളെ ഉച്ചക്ക് ഒരു മണിക്ക് നാം എവിടെയാണോ, അവിടെ തന്നെ നിന്ന് പ്രാര്‍ത്ഥനയില്‍ പങ്കു ചേരുവാന്‍ സാധിക്കും. വീട്ടില്‍ ഇരുന്നും, ജോലി സ്ഥലങ്ങളില്‍ നിന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും, തെരുവില്‍ നിന്നും, യാത്രക്കിടയിലും ഏത് സാഹചര്യത്തില്‍ ആയാലും ഒരു മിനിറ്റ് ലോകസമാധാനത്തിനായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.


Related Articles »