News - 2024

സമാധാനത്തിനായുള്ള പാപ്പയുടെ പ്രാര്‍ത്ഥന ആഹ്വാനത്തിന് ഇനി മിനിറ്റുകള്‍ ബാക്കി

സ്വന്തം ലേഖകന്‍ 08-06-2019 - Saturday

പാലസ്തീന്‍ ഇസ്രായേല്‍ അനുരഞ്ജനത്തിനും ലോക സമാധാനത്തിനുമായി പാപ്പയുടെ പ്രാര്‍ത്ഥന ആഹ്വാനത്തിന് ഇനി മിനിറ്റുകള്‍ ബാക്കി. പെന്തക്കുസ്ത തിരുനാളിന്റെ തലേന്നായ ഇന്നു ഉച്ചക്ക് ഒരു മണിക്ക് ഒരു മിനിറ്റ് പ്രാര്‍ത്ഥിക്കുവാനാണ് ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. 2014-ലെ വിശുദ്ധനാട് അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ പ്രശ്നങ്ങള്‍ തുടരുന്ന ഇസ്രായേല്‍, പലസ്തീന്‍ രാഷ്ട്രങ്ങളുടെ തലവന്മാരെ പ്രാര്‍ത്ഥിക്കാനും സംവദിക്കാനുമായി പാപ്പ വത്തിക്കാനിലേയ്ക്കു ക്ഷണിച്ചിരുന്നു. ജൂണ്‍ 8നാണ് അനുരഞ്ജന പ്രാര്‍ത്ഥനയും സംവാദവും നടന്നത്. ഇതിന്റെ അനുസ്മരണമായി എല്ലാ വര്‍ഷവും ജൂണ്‍ എട്ടിന് ഉച്ചക്ക് ഒരു മണിക്ക് പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ അഭ്യര്‍ത്ഥന നടത്തുന്നുണ്ട്.

ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് പ്രാര്‍ത്ഥന നടത്തണമെന്ന് പാപ്പ ഒരിക്കല്‍ കൂടി വിശ്വാസികളെ ഓര്‍മ്മിപ്പിച്ചത്. നമ്മള്‍ ഇപ്പോള്‍ എവിടെയാണോ, അവിടെ നിന്നു തന്നെ പ്രാര്‍ത്ഥനയില്‍ പങ്കു ചേരുവാന്‍ സാധിക്കും. വീട്ടില്‍ ഇരുന്നും, ജോലി സ്ഥലങ്ങളില്‍ നിന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും, തെരുവില്‍ നിന്നും, യാത്രക്കിടയിലും ഏത് സാഹചര്യത്തില്‍ ആയാലും ഒരു മണിക്ക് ഒരു മിനിറ്റ് ലോകസമാധാനത്തിനായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.

വിശുദ്ധ ഫ്രാൻസിസ് പുണ്യവാളന്റെ സമാധാന പ്രാര്‍ത്ഥന ചുവടെ നല്‍കുന്നു, ലോക സമാധാനത്തിനായി വിശുദ്ധനോട് ചേര്‍ന്നു നമ്മുക്ക് പ്രാര്‍ത്ഥിക്കാം ‍

കർത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിൻറെ ഒരു ഉപകരണമാക്കണമേ. വിദ്വേഷമുള്ളിടത്ത് ക്ഷമയും,സന്ദേഹമുള്ളിടത്ത് വിശ്വാസവും നിരാശയുള്ളിടത്ത് പ്രത്യാശയും, അന്ധകാരമുള്ളിടത്ത് പ്രകാശവും, സന്താപമുള്ളിടത്ത് സന്തോഷവും ഞാൻ വിതയ്ക്കട്ടെ. ഓ! ദിവ്യനാഥാ ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാൾ ആശ്വസിപ്പിക്കുന്നതിനും, മനസ്സില്ലാക്കപ്പെടുന്നതിനേക്കാൾ മനസ്സിലാക്കുന്നതിനും, സ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ. എന്തെന്നാൽ കൊടുക്കുമ്പോഴാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. ക്ഷമിക്കുമ്പോഴാണ് ഞങ്ങൾ ക്ഷമിക്കപ്പെടുന്നത്. മരിക്കുമ്പോഴാണ് ഞങ്ങൾ നിത്യജീവിതത്തിലേക്കു പ്രവേശിക്കുന്നത്. ആമ്മേൻ


Related Articles »