News - 2024

ഫ്ലോറിഡയിലെ കത്തീഡ്രല്‍ പള്ളിയില്‍ തീപിടുത്തം: ആസൂത്രിതമെന്ന് സൂചന

സ്വന്തം ലേഖകന്‍ 08-06-2019 - Saturday

ടല്ലഹാസി, ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്തിലെ പെന്‍സക്കോള-ടല്ലഹാസി രൂപതയുടെ സെന്റ്‌ തോമസ്‌ മൂര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ തീപിടുത്തം. ഇക്കഴിഞ്ഞ ബുധനാഴ്ച ഉണ്ടായ തീപിടുത്തം ആസൂത്രിതമാണെന്നാണ് പലരും സംശയം ഉന്നയിക്കുന്നത്. പോലീസും ടല്ലഹാസി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റും തീപിടുത്തത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. വൈകീട്ട് 5.15നു വിശുദ്ധ കുര്‍ബാന നടക്കുവാനിരിക്കെയാണ് ദേവാലയത്തില്‍ അഗ്നിബാധ ഉണ്ടായത്. ദേവാലയത്തിലെ നിരവധി കസേരകള്‍ അഗ്നിക്കിരയായി. ദേവാലയ ഭിത്തിക്കും കേടുപാടുകള്‍ സംഭവിച്ചു. അതേസമയം ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ് അഗ്നിബാധ ആദ്യം കണ്ടതെന്ന് റെക്ടര്‍ ഫാ. ജോണ്‍ കായര്‍ പറഞ്ഞു.

തീപിടുത്തം ആരോ കരുതികൂട്ടി ചെയ്തതാണെന്നും, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് യാതൊരു അറിവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.എഫ്.ഓയും സ്റ്റേറ്റ് ഫയര്‍ മാര്‍ഷലുമായ ജിമ്മി പാട്രോണിസും അഗ്നിബാധ ആസൂത്രിതമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ചു അന്വേഷിച്ചുവരികയാണെന്നും, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രസ്താവിച്ചു. ഇതിനിടെ കത്തീഡ്രല്‍ അഗ്നിക്കിരയായതില്‍ ദുഃഖം പ്രകടിപ്പിച്ച് രൂപതാനേതൃത്വം പ്രസ്താവന ഇറക്കി. വരുന്ന ഞായറാഴ്ച കുര്‍ബാന ഇവിടെവെച്ച് അര്‍പ്പിക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി രൂപതാ വ്യക്തമാക്കി.


Related Articles »