News - 2024

ഒരു നൂറ്റാണ്ടിന് ശേഷം സഗ്രാഡാ ഫമീലിയ ദേവാലയത്തിന് ഭരണകൂടത്തിന്റെ അംഗീകാരം

സ്വന്തം ലേഖകന്‍ 09-06-2019 - Sunday

ബാര്‍സിലോണ: ലോക പ്രശസ്ത നിർമ്മിതിയായ സ്പെയിനിലെ സഗ്രാഡാ ഫമീലിയ ദേവാലയത്തിന്റെ പണി പൂർത്തിയാക്കാനായി ഭരണകൂടത്തിന്റെ അംഗീകാരം ലഭിച്ചു. സർക്കാരിന്റെ അംഗീകാരമില്ലാതെയായിരുന്നു 137 വര്‍ഷത്തോളമായി ദേവാലയത്തിന്റെ നിർമ്മാണം നടന്നിരുന്നത്. 2016ലാണ് സ്പാനിഷ് ഭരണകൂടം ദേവാലയ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ നിയമ പ്രശ്നം ഉയര്‍ത്തിയത്. 40 ലക്ഷത്തോളം ആളുകളാണ് ഈ ദേവാലയം വർഷംതോറും സന്ദർശിക്കുന്നത്. അൻറ്റോണിയോ ഗൗഡി എന്നയാളാണ് മനോഹരമായ പടുകൂറ്റൻ ദേവാലയത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. 1882ൽ തുടങ്ങിയ ദേവാലയ നിർമ്മാണം 1926ൽ ഗൗഡി മരിക്കുമ്പോൾ വളരെ കുറച്ചുമാത്രമേ പൂർത്തിയായിരുന്നുള്ളു.

സഗ്രാഡാ ഫമീലിയയുടെ നിയന്ത്രണമുള്ളവർ ഒരു പതിറ്റാണ്ടു കൊണ്ട് 36 മില്യൺ ബാർസിലോണ നഗരത്തിന്റെ ഭരണകൂടത്തിന് നൽകണമെന്ന് കഴിഞ്ഞവർഷം ഉടമ്പടി ഉണ്ടാക്കിയിരുന്നു. 137 വർഷങ്ങൾക്കുശേഷം ബാഴ്സലോണ സിറ്റി കൗൺസിൽ ദേവാലയ നിർമ്മാണവുമായി മുന്നോട്ടു പോകാൻ അനുമതി നല്‍കിയെന്ന് സഗ്രാഡാ ഫമീലിയ തങ്ങളുടെ വെബ്സൈറ്റിൽ ഇറക്കിയ കുറിപ്പിൽ പ്രസ്താവിച്ചു. അൻറ്റോണിയോ ഗൗഡിയുടെ രൂപരേഖ അനുസരിച്ചുള്ള ദേവാലയ നിർമ്മാണത്തിന് 4.6 മില്യൻ യൂറോ ചെലവ് വരുമെന്നും കുറിപ്പിൽ പറയുന്നു. ഗൗഡി മരിച്ചിട്ട് 100 വർഷം പൂർത്തിയാവുന്ന 2026ൽ ദേവാലയ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് കണക്കുകൂട്ടല്‍. 2005ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സഗ്രാഡാ ഫമീലിയ ഇടംപിടിച്ചിരുന്നു.


Related Articles »