News - 2024

നോട്രഡാം കത്തീഡ്രലില്‍ വിശുദ്ധ ബലിയര്‍പ്പണം ശനിയാഴ്ച പുനഃരാരംഭിക്കും

സ്വന്തം ലേഖകന്‍ 12-06-2019 - Wednesday

പാരീസ്: അഗ്നിബാധയില്‍ കനത്തനാശം നേരിട്ട പാരീസിലെ പ്രശസ്തമായ നോട്രഡാം കത്തീഡ്രല്‍ ദേവാലയത്തില്‍ രണ്ടുമാസത്തിനുശേഷം വീണ്ടും ബലിയര്‍പ്പണം. കത്തീഡ്രലിലെ സൈഡ് ചാപ്പലില്‍ ശനിയാഴ്ച വൈകുന്നേരമാണ് വീണ്ടും ബലി അര്‍പ്പിക്കുക. പാരീസ് ആര്‍ച്ച് ബിഷപ്പ് മൈക്കല്‍ ഓപിറ്റ് മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈദികരും കത്തീഡ്രലിലെ പ്രമുഖരും ഉള്‍പ്പെടെ ചുരുക്കം പേര്‍ക്കു മാത്രമേ പ്രവേശനമുള്ളു. ദിവ്യബലി തത്സമയം ടിവിയില്‍ സംപ്രേഷണം ചെയ്യുമെന്ന് രൂപതാ അധികൃതര്‍ വ്യക്തമാക്കി. കത്തീഡ്രലിനു മുന്നിലുള്ള തുറസായ സ്ഥലത്ത് വൈകുന്നേരങ്ങളില്‍ പ്രാര്‍ത്ഥന നടത്താന്‍ പദ്ധതിയുണ്ടെന്നും ഇതിനായി സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണെന്നും രൂപതാധികാരികള്‍ പറഞ്ഞു.

850 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഫ്രാൻസിലെ പുരാതന ദേവാലയമായ നോട്രഡാം കത്തീഡ്രല്‍ ഏപ്രില്‍ 15നാണ് ലോകത്തെ തന്നെ നടുക്കി അഗ്നിബാധക്കിരയായത്. ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സഹായവുമായി ഫ്രഞ്ച് കോടീശ്വരന്മാരും രംഗത്തുണ്ട്. ദേവാലയം അഞ്ചു വര്‍ഷത്തിനകം പുതുക്കിപ്പണിയുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍ ഇതിനോടകം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം കത്തീഡ്രലില്‍ തീപിടിക്കാനുള്ള കാരണത്തെ സംബന്ധിച്ചു ഇപ്പോഴും ദുരൂഹത നില്‍ക്കുകയാണ്.


Related Articles »