News - 2025
ക്രിസ്ത്യന്‍ യഹൂദ വിരുദ്ധതക്കെതിരെ പോരാടുവാന്‍ പുതിയ സംഘടന
സ്വന്തം ലേഖകന്‍ 15-06-2019 - Saturday
കാലിഫോര്‍ണിയ/ ജെറുസലേം: ലോകമെമ്പാടും ക്രിസ്ത്യന്‍ യഹൂദ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ക്രൈസ്തവരെയും യഹൂദരേയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പുതിയ സംഘടന രൂപീകരിച്ചു. 'ക്രിസ്ത്യന്‍ ഫ്രണ്ട്സ് ഓഫ് യാദ് വാഷെമി' നെ10 വര്‍ഷത്തോളം നയിച്ച സുസന്ന കൊക്കോനെന്‍ ആണ് ‘ഹോപ് ഫോര്‍ പേഴ്സെക്യൂട്ടഡ്’ എന്ന പുതിയ സംഘടനക്ക് രൂപം നല്‍കിയിരിക്കുന്നത്. അമേരിക്കയിലെ സിനഗോഗിലെ വെടിവെപ്പ് മുതല്‍ ഇറാനിലും, ചൈനയിലും ക്രിസ്ത്യാനികള്‍ വിശ്വാസത്തിന്റെ പേരില്‍ തടവിലാക്കപ്പെട്ട സംഭവങ്ങള്‍ വരെയുള്ള നിരവധിയായ ആക്രമണങ്ങളില്‍ പാശ്ചാത്യലോകവും അന്താരാഷ്ട്ര സമൂഹവും നിശബ്ദത പാലിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്.
പ്രമുഖ ക്രിസ്ത്യന്‍, യഹൂദ നേതാക്കള്‍ സംഘടനയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. യഹൂദ വിരുദ്ധതയെ വിദ്യാഭ്യാസം കൊണ്ടാണ് നേരിടേണ്ടതെന്നും, ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കേണ്ടതുണ്ടെന്നും സുസന്ന പറഞ്ഞു. പ്രാര്‍ത്ഥനയും പ്രവര്‍ത്തിയുമാണ് ഇതിനു പരിഹാരമെന്നും അവര്‍ ചൂണ്ടിക്കാട്ടി. യഹൂദ വിരുദ്ധതക്കെതിരെ പോരാടുന്ന ജൂത സംഘടനകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അതുപോലെ തന്നെ മതപീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ക്രിസ്ത്യന്‍ സംഘടനകളും നമ്മള്‍ കണ്ടിട്ടുണ്ട്. ഇത് രണ്ടും തമ്മില്‍ ബന്ധമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ക്രിസ്ത്യാനികളും, യഹൂദരും ലക്ഷ്യംവെക്കപ്പെടുന്നതിന്റെ പിന്നില്‍ എന്തെങ്കിലും ഒരു പൊതുവായ കാരണമുണ്ടാകാമെന്നും സി.ബി.എന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കൊക്കോനെന്‍ പറഞ്ഞു.
ആഫ്രിക്കക്കും, മധ്യപൂര്‍വ്വേഷ്യക്കും പുറമേ ഏഷ്യയും ഇപ്പോള്‍ മതപീഡനം നടന്നുകൊണ്ടിരിക്കുന്ന പ്രധാന ഇടമായി മാറികൊണ്ടിരിക്കുകയാണെന്ന്‍ അവര്‍ ചൂണ്ടിക്കാട്ടി. ക്രൈസ്തവര്‍ക്കെതിരായ മതപീഡനത്തെക്കുറിച്ച് യഹൂദ സംഘടനകള്‍ സഭയെ ഓര്‍മ്മിപ്പിച്ചിട്ടുണ്ടെന്നും, എന്നാല്‍ ക്രിസ്ത്യന്‍ സംഘടനകളും, സര്‍ക്കാരുകളും ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുന്നത് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നുമാണ് ‘ദി മിറക്കിള്‍ ഓഫ് ഇസ്രായേല്‍ ആന്‍ഡ് പ്രസിഡന്റ് ട്രൂമാന്‍’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ റിസ്തോ ഹുവില പറഞ്ഞത്.
ക്രൈസ്തവരും യഹൂദരും ഒരുമിക്കുന്ന ഈ ദിവസം, കഴിഞ്ഞ 10-15 വര്‍ഷങ്ങള്‍ക്കുള്ളില്‍ താന്‍ കണ്ട ഏറ്റവും നല്ല ദിവസമാണെന്നു സംഘടനയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത സാര്‍ എല്‍ ടൂര്‍സിന്റെ സ്ഥാപകനായ സാമുവല്‍ സ്മദ്ജാ പ്രതികരിച്ചു. പുതിയ കൂട്ടായ്മ അടിച്ചമര്‍ത്തപ്പെടുന്ന യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും വേണ്ടി സ്വരമായി മാറുന്ന സംഘടനയായി ഉയരുമെന്നാണ് മിക്കവരുടെയും പ്രതീക്ഷ.
