India - 2025
തീരദേശ നിവാസികളുടെ പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ വേണം: മാര്‍ ജോസഫ് പെരുന്തോട്ടം
17-06-2019 - Monday
ആലപ്പുഴ: നിരന്തരം കടല്‍ക്ഷോഭത്തിന് ഇരയാകുന്ന തീരദേശ നിവാസികളുടെ ജീവല്‍പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ആലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമായ ഒറ്റമശേരി ഭാഗത്ത് ആര്‍ച്ച് ബിഷപ്പ് സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരിന്നു അദ്ദേഹം. ഓരോ വര്‍ഷവും നിരവധി വീടുകള്‍ കടല്‍ വിഴുങ്ങുന്നുവെന്നും തീരമേഖലയില്‍ വസിക്കുന്ന വരുടെ പാര്‍പ്പിടങ്ങളുടെയും ജീവന്റെയും സംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രോഗികളും വയോധികരും നിസഹായാവസ്ഥയിലാണ്. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളെ നിരാശരും നിരാലംബരുമാക്കുന്ന അനാസ്ഥയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കുന്നു, പ്രായോഗിക നടപടി ഉണ്ടാകുന്നില്ല. ഒറ്റമശേരി, ചെല്ലാനം, തൈക്കല്‍ തുടങ്ങിയ തീരപ്രദേശങ്ങള്‍ രൂക്ഷമായ കടലാക്രമണത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഒറ്റമശേരി ഭാഗത്ത് 800 മീറ്ററോളം കടല്‍ത്തീരം ശക്തമായ പുലിമുട്ടും കടല്‍ഭിത്തിയും നിര്‍മിച്ച് തിരമാലകളെ പ്രതിരോധിക്കേണ്ടത് അടിയന്തരാവശ്യമാണ്. കടലിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവനും നീതിക്കും വേണ്ടിയുള്ള രോദനം സര്‍ക്കാര്‍ കേള്‍ക്കാതെ പോകരുതെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
