News

നിത്യപുരോഹിതന്റെ സന്നിധിയിലേക്ക് ഫാ. മൈക്കിൾ യാത്രയായി

സ്വന്തം ലേഖകന്‍ 17-06-2019 - Monday

വാഴ്സോ: ആശുപത്രിക്കിടക്കയിൽ ടെർമിനൽ കാൻസറിനോട് മല്ലിട്ട് കിടക്കവേ ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക അനുവാദത്തോടുകൂടി ഒരേ ദിവസം ഡീക്കൻ പട്ടവും, പൗരോഹിത്യ പട്ടവും ഒരുമിച്ചു സ്വീകരിച്ച പോളിഷ് വൈദികൻ ഫാ. മൈക്കിൾ ലോസ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. സൺസ് ഓഫ് ഡിവൈൻ പ്രോവിഡൻസ് സന്യാസ സമൂഹത്തിലെ അംഗമായിരുന്ന അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് ദൈവസന്നിധിയിലേക്ക് യാത്രയായത്. ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയ വൈദികന്റെ മരണ വാര്‍ത്ത കോണ്‍ഗ്രിഗേഷന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സഭാനേതൃത്വം അറിയിച്ചത്.

ഒരു മാസം മുൻപാണ് ലൂയിജി ഓറിയോൺ മേജർ സെമിനാരിയില്‍ പഠിക്കുകയായിരുന്ന ഫാ. മൈക്കിൾ ലോസിനു കാൻസർ രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്നു ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പൗരോഹിത്യ സ്വീകരണം എന്ന ഒറ്റ ആഗ്രഹം മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരിന്നുള്ളൂ. വൈദിക വിദ്യാർത്ഥിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി വാഴ്സോ-പ്രാഗ് രൂപത വത്തിക്കാന്‍ തലത്തില്‍ ഇടപെട്ടപ്പോള്‍ ഫ്രാന്‍സിസ് പാപ്പ പ്രത്യേക അനുമതി നല്‍കുകയായിരിന്നു. തുടര്‍ന്നു ഇക്കഴിഞ്ഞ മേയ് 24നു ഓങ്കോളജി വാർഡിലെ കിടക്കയില്‍വച്ച് അദ്ദേഹം ഡീക്കൻ പദവിയും പൗരോഹിത്യവും ഒന്നിച്ചു സ്വീകരിച്ചു.

ഇതിന് പിന്നാലെ ജൂൺ ഏഴാം തീയതി അദ്ദേഹത്തിന്റെ മുപ്പത്തിയൊന്നാം പിറന്നാളിന് പോളിഷ് പ്രസിഡന്റ് ആന്‍ഡ്രസെജ് ഡൂഡ മൈക്കിൾ ലോസിനെ ആശുപത്രിയിൽ നേരിട്ടു എത്തി സന്ദർശിച്ചിരുന്നു. നവ വൈദികന്റെ അനുഗ്രഹവും വാങ്ങിയാണ് പ്രസിഡന്റ് അന്ന് മടങ്ങിയത്. വൈദികന്റെ മരണ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ നൂറുകണക്കിന് ആളുകളാണ് അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ചു കമന്റുകള്‍ രേഖപ്പെടുത്തുന്നത്. മരണ കിടക്കയിലും പൗരോഹിത്യത്തോടുള്ള അടങ്ങാത്ത മോഹവുമായി യേശുവിനോട് ചേര്‍ന്ന അദ്ദേഹത്തിന്റെ സാക്ഷ്യം വിശുദ്ധ പദവിയിലേക്കുള്ള ചുവടുവെയ്പ്പായി മാറുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.


Related Articles »