News - 2025

ക്രൈസ്തവര്‍ക്ക് മാത്രമായി കൂടിക്കാഴ്ച വിളിച്ച്ചേര്‍ത്ത് കാലിഫോര്‍ണിയ സ്റ്റേറ്റ് സെനറ്റര്‍

സ്വന്തം ലേഖകന്‍ 18-06-2019 - Tuesday

കാലിഫോര്‍ണിയ: പ്രത്യേക തെരഞ്ഞെടുപ്പിലൂടെ കാലിഫോര്‍ണിയ സ്റ്റേറ്റ് സെനറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ബ്രയാന്‍ ഡാലേ തന്റെ സത്യപ്രതിജ്ഞ കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ക്രൈസ്തവരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. റെഡ്ഢിങ്ങിലെ ലിറ്റില്‍ കണ്‍ട്രി ചര്‍ച്ചില്‍ നടന്ന ‘ഫെയിത്ത് & വാല്യൂ ടൌണ്‍ഹാള്‍’ കൂടിക്കാഴ്ചയില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് മാത്രമായിരുന്നു ക്ഷണം. റെഡ്ഢിങ്ങ് മേയര്‍ ജൂലി വിന്റര്‍ മോഡറേറ്റ് ചെയ്യുന്ന ഫെയിത്ത് & വാല്യൂ ടൌണ്‍ഹാള്‍ കൂടിക്കാഴ്ചയിലേക്ക് പ്രാദേശിക സഭകളിലെ ക്രിസ്ത്യാനികള്‍ക്ക് സ്വാഗതം എന്നാണ് ഫേസ്ബുക്ക് ക്ഷണത്തില്‍ സൂചിപ്പിച്ചത്.

രാഷ്ട്രത്തിന്റേയും, സംസ്ഥാനങ്ങളുടേയും പട്ടണങ്ങളുടേയും സംസ്ക്കാര രൂപീകരണത്തില്‍ ക്രിസ്ത്യന്‍ വിശ്വാസ മൂല്യങ്ങള്‍ക്ക് പ്രധാന പങ്കുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഓര്‍മ്മിപ്പിക്കുന്നുണ്ട്. “ഞാനല്ല ഈ മത്സരം വിജയിച്ചിരിക്കുന്നത്. ദൈവമാണ് ഈ മത്സരം ജയിച്ചിരിക്കുന്നത്. ഞാന്‍ സെനറ്റില്‍ ഉണ്ടായിരിക്കരുതെന്നായിരുന്നു ദൈവേഷ്ടമെങ്കില്‍ ഞാന്‍ സെനറ്റില്‍ ഉണ്ടായിരിക്കുമായിരുന്നില്ല”. ഡാലേ കൂടിക്കാഴ്ചയില്‍ നടത്തിയ പ്രസ്താവന ഇതായിരിന്നു. അതേസമയം ക്രൈസ്തവര്‍ക്ക് മാത്രമായിട്ടുള്ള ക്ഷണത്തെ വിവാദമാക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ട്. ഇതിന് അദ്ദേഹം നല്‍കിയ മറുപടിയും ശ്രദ്ധേയമാണ്.

“ഹല്ലേലൂയ! എന്റെ നടപടികളെ ചോദ്യം ചെയ്യുക എന്നത് അവരുടെ ഭരണഘടനാപരമായ അവകാശമാണ്. അതുപോലെ തന്നെ, വിശ്വാസികളെ ഉള്‍പ്പെടുത്തി ഒരു കൂടിക്കാഴ്ച നടത്തുവാന്‍ എനിക്കും ഭരണഘടനാപരമായ അവകാശമുണ്ട്”. തന്റെ ജില്ലയിലെ മുസ്ലീംങ്ങള്‍ക്ക് മാത്രമായി ഇല്‍ഹാന്‍ ഒമര്‍ കൂടിക്കാഴ്ച സംഘടിപ്പിച്ചതും, ജേര്‍ഡ് ഹുഫ്മാന്‍ നിരീശ്വരവാദികള്‍ക്കായി കൂടിക്കാഴ്ച്ച സംഘടിപ്പിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. വിമര്‍ശനങ്ങള്‍ക്ക് ആക്ഷന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് അദ്ദേഹം ശക്തമായ മറുപടി നല്‍കിയിരിക്കുന്നത്.


Related Articles »