News

വാഗ്ദാനങ്ങള്‍ ജലരേഖയായി: നോട്രഡാം കത്തീഡ്രലിന് സഹായമേകുന്നത് സാധാരണക്കാര്‍

സ്വന്തം ലേഖകന്‍ 18-06-2019 - Tuesday

പാരീസ്: സമീപകാലത്ത് അഗ്നിബാധക്കിരയായ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നോട്രഡാം കത്തീഡ്രല്‍ പുതുക്കിപ്പണിയുന്നതിന് മാധ്യമങ്ങളിലൂടെ സാമ്പത്തിക സഹായങ്ങള്‍ വാഗ്ദാനം ചെയ്ത ഫ്രഞ്ച് ശതകോടീശ്വരന്‍മാരുടെ വാക്കുകള്‍ ജലരേഖകളായി മാറുന്നു. ദേവാലയ പുനര്‍നിര്‍മ്മാണത്തിന് വന്‍ സംഭാവനകള്‍ വാഗ്ദാനം ചെയ്ത പ്രമുഖ കോടീശ്വരന്മാരില്‍ ആരും തന്നെ യാതൊരുവിധ തുകയോ സംഭാവനയായി നല്‍കിയിട്ടില്ലെന്നാണ് ദേവാലയ അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം ചെറു സംഭാവനകളിലൂടെ ദേവാലയത്തിന്റെ പുനരുദ്ധാരണത്തിന് താങ്ങാകുവാന്‍ സാധരണക്കാര്‍ തയാറാകുന്നു എന്നത് ശ്രദ്ധേയമാണ്.

അമേരിക്കയിലെയും ഫ്രാന്‍സിലെയും ചില വ്യക്തികള്‍ ‘നോട്രഡാം ചാരിറ്റബിള്‍ ഫൗണ്ടേഷന്‍’ വഴി നല്‍കുന്ന സംഭാവനകള്‍ ഉപയോഗിച്ചാണ് നിലവില്‍ ദേവാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നത്. നൂറ്റിയന്‍പതോളം തൊഴിലാളികളാണ് ദിവസവും ജോലിയില്‍ വ്യാപൃതരായികൊണ്ടിരിക്കുന്നതെന്ന് നോട്രഡാം സീനിയര്‍ പ്രസ്സ് ഒഫീഷ്യലായ ആന്‍ഡ്രേ ഫിനോട്ട് പറഞ്ഞു. ദേവാലയ പുനരുദ്ധാരണത്തിനുള്ള ആദ്യ സ്വകാര്യ സംഭാവനയായ 36 ലക്ഷം യൂറോ ( 40 ലക്ഷം അമേരിക്കന്‍ ഡോളര്‍) ഈ മാസമാണ് കൈമാറിയതെന്നും, ഫ്രാന്‍സിലെ ഉദാരമതികളായ വ്യക്തികളുടെ ചെറു സംഭാവനകള്‍ ചേര്‍ത്ത തുകയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വലിയ സംഭാവനകള്‍ വാഗ്ദാനം ചെയ്തവര്‍ ഇതുവരെ ഒരു പൈസപോലും നല്‍കാതെ നിശബ്ദത പാലിക്കുകയാണെന്നും ഫിനോട്ട് കുറ്റപ്പെടുത്തി. ഫ്രാന്‍സിലെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങളും വന്‍ കമ്പനികളും ഏതാണ്ട് 100 കോടി ഡോളറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഗുച്ചി, സെയിന്റ് ലോറന്റ് എന്നീ കമ്പനികളുടെ ഉടമസ്ഥാവകാശമുള്ള കെറിംഗ് കമ്പനിയുടെ മാതൃസ്ഥാപനമായ ആര്‍ട്ടെമീസിന്റെ ഫ്രാങ്കോയിസ് പിനോള്‍ട്ട് 10 കോടി യൂറോയാണ് ദേവാലയം അഗ്നിബാധക്കിരയായതിന് പിന്നാലെ വാഗ്ദാനം ചെയ്തിരുന്നത്. ഫ്രഞ്ച് എനര്‍ജി കമ്പനിയായ ടോട്ടലിന്റെ സി.ഇ.ഒ വൈറ്റ് പാട്രിക്കും ഏതാണ്ട് ഇതിനോടടുത്ത തുക തന്നെയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ലൂയീസ് വൂയിട്ടന്‍, ഡയര്‍ തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെ ഉടമയായ LVMH-ന്റെ സി.ഇ.ഒ ബെര്‍ണാര്‍ഡ് അര്‍നോള്‍ട്ട് 200 മില്യണ്‍ യൂറോ സംഭാവനയായി പ്രഖ്യാപിച്ചിരിന്നു. ലൊറീല്‍ ഫോര്‍ച്ചൂണ്‍ ഉടമകളായ ബെറ്റെന്‍കോര്‍ട്ട് ഷൂള്ളര്‍ ഫൗണ്ടേഷനും ഇതേ തുക വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരം വാഗ്ദാനങ്ങള്‍ ഉണ്ടായത് അല്ലാതെ സംഭാവന യാതൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫ്രാന്‍സിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനേക്കാള്‍ തങ്ങളുടെ പേരുകള്‍ അനശ്വരമാക്കുക എന്നതാണ് ഇത്തരം വലിയ വാഗ്ദാനങ്ങളുടെ പിന്നിലുള്ള ലക്ഷ്യമെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.

എല്ലാ ദിവസവും 24 മണിക്കൂറും നീണ്ടുനില്‍ക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ കത്തീഡ്രലില്‍ നടന്നുകൊണ്ടിരിക്കുന്നത്. അതേസമയം സംഭാവന നല്‍കുന്ന ഇക്കാര്യത്തില്‍ അമേരിക്കക്കാര്‍ വളരെയേറെ ഉദാരമതികളാണെന്നു ‘ദി ഫ്രണ്ട്സ് ഓഫ് നോട്രഡാം ഡെ പാരീസി'ന്റെ പ്രസിഡന്റ് മൈക്കേല്‍ പിക്കോഡ് പറഞ്ഞു. 5 വര്‍ഷം കൊണ്ട് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ നേരത്തെ പ്രസ്താവിച്ചത്. അതേസമയം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി മുന്‍ ആര്‍മി ചീഫ് ജെനറലായിരുന്ന ജീന്‍-ലൂയീസ് ജോര്‍ജ്ജ്ലിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.


Related Articles »