News - 2024

ഹോങ്കോങ്ങിന്റെ സമാധാനത്തിനായി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍

സ്വന്തം ലേഖകന്‍ 19-06-2019 - Wednesday

ഹോങ്കോങ്ങ്: കുറ്റവാളികളെ വിചാരണക്കായി ചൈനക്ക് കൈമാറുന്ന വിവാദ ബില്ലിനെതിരെ ഹോങ്കോങ്ങിലെ പൊതുജന പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ രാജ്യത്തെ സമാധാന പുനഃസ്ഥാപനത്തിനായി കത്തോലിക്കാ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കര്‍ദ്ദിനാള്‍ ജോണ്‍ ടോങ്. സര്‍ക്കാരും പ്രതിഷേധക്കാരും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കണമെന്നും ചര്‍ച്ചകള്‍ നടത്തണമെന്നും കര്‍ദ്ദിനാള്‍ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തെ സാഹചര്യങ്ങളെ കുറിച്ച് വത്തിക്കാന്‍ റേഡിയോയോട് വിവരിക്കുകയായിരിന്നു ഹോങ്കോങ്ങിലെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ കൂടിയായ കര്‍ദ്ദിനാള്‍ ജോണ്‍ ടോങ്.

അക്രമം സംസ്കാരമുള്ള ഒരു നടപടിയല്ലായെന്നും പ്രതിഷേധക്കാര്‍ അക്രമത്തിന്റെ പാത സ്വീകരിക്കുകയാണെങ്കില്‍ അത് അപലപനീയമാണെന്നും, മറ്റുള്ളവരെ ആക്രമിക്കുക, പോലീസിനു നേര്‍ക്ക് കല്ലെറിയുക പോലെയുള്ള അക്രമമാര്‍ഗ്ഗങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കത്തോലിക്ക, പ്രൊട്ടസ്റ്റന്റ്, കണ്‍ഫ്യൂഷനിസം, താവോയിസം, ബുദ്ധിസം, ഇസ്ലാം എന്നീ ആറ് മതങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്ന്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും പൊതു നിവേദനം തയാറാക്കുവാനും ധാരണയായതായി കര്‍ദ്ദിനാള്‍ ടോങ് അറിയിച്ചു.

വ്യക്തിസ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്നാണ് നിവേദനത്തിലെ ആദ്യ നിര്‍ദ്ദേശം. പ്രതിഷേധക്കാര്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയാല്‍ അത് ബഹുമാനിക്കപ്പെടേണ്ടതാണ്. അക്രമങ്ങളില്‍ നിന്നും ഹോങ്കോങ്ങിലെ മതനേതാക്കള്‍ അകന്നു നില്‍ക്കണമെന്നതാണ് രണ്ടാമത്തെ നിര്‍ദ്ദേശം. ഹോങ്കോങ്ങ് സര്‍ക്കാരും പ്രതിഷേധക്കാരും ഒരുമിച്ചിരുന്ന്‍ ചര്‍ച്ചകള്‍ നടത്തി ഇപ്പോഴത്തെ പ്രശ്നത്തിനു പരിഹാരം കാണണമെന്നതാണ് നിവേദനത്തിലെ മൂന്നാമത്തെ നിര്‍ദ്ദേശം.

ഹോങ്കോങ്ങിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം കഴിഞ്ഞയാഴ്ച മുതല്‍ ശക്തമായിരിക്കുകയാണ്. പതിനായിരകണക്കിന് ആളുകളാണ് സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയിരിക്കുന്നത്. ജൂണ്‍ 13-ന് ഹോങ്കോങ് പാര്‍ലമെന്റിനുമുന്നില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് പ്രതിഷേധക്കാര്‍ക്കുനേരെ റബ്ബര്‍ ബുള്ളറ്റും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ചര്‍ച്ച തടയുന്നതിനായി പ്രതിഷേധക്കാര്‍ പാര്‍ലമെന്റിലേക്ക് തള്ളിക്കയറുവാന്‍ വരെ ശ്രമം നടത്തിയിരിന്നു. നിരവധി പേര്‍ക്കാണ് അന്ന്‍ പരിക്കേറ്റത്.


Related Articles »