News - 2025
ആദ്യത്തെ കത്തോലിക്ക സർവ്വകലാശാലയ്ക്ക് ഹോങ്കോങ്ങ് ഭരണകൂടത്തിന്റെ അംഗീകാരം
പ്രവാചകശബ്ദം 16-01-2024 - Tuesday
ഹോങ്കോംഗ്: കത്തോലിക്ക സഭയുടെ കാരിത്താസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷനെ (സി ഐ എ ച്ച് ഇ ) സർവ്വകലാശാല പദവി നൽകി ഹോങ്കോംഗ് സർക്കാർ അംഗീകരിച്ചു. ചൈനീസ് ഭരണ പ്രദേശത്തെ ആദ്യത്തെ സർക്കാർ അംഗീകൃത കത്തോലിക്കാ സർവ്വകലാശാലയാണ് സെന്റ് ഫ്രാൻസിസ് യൂണിവേഴ്‌സിറ്റി എന്ന പേര് നൽകപ്പെട്ട ഈ വിദ്യാഭ്യാസ സ്ഥാപനം. കത്തോലിക്ക സ്ഥാപനത്തിന് സർവ്വകലാശാല പദവി നൽകുന്നത് നാഴികക്കല്ലാണെന്നും ഹോങ്കോങ്ങിലെ യുവജനങ്ങൾക്ക് നിലവാരമുള്ളതും യോജിച്ചതും വൈവിധ്യമാർന്ന പഠന നിലവാരം ലഭ്യമാക്കാനുമുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണിതെന്നും വിദ്യാഭ്യാസ സെക്രട്ടറി ക്രിസ്റ്റീൻ ചോയ് യൂക്-ലിൻ പറഞ്ഞു.
രണ്ടായിരത്തിയഞ്ഞൂറോളം വിദ്യാർത്ഥികള്‍ക്കായി സാമൂഹിക ശാസ്ത്രം, സാങ്കേതികവിദ്യ, സാമ്പത്തികശാസ്ത്രം തുടങ്ങി മുപ്പത്തഞ്ചു വ്യത്യസ്ത വിഷയങ്ങളിൽ പോസ്റ്റ്- സെക്കൻഡറി കർമ്മ പരിപാടികൾ വാഗ്ദാനം ചെയ്യുന്ന സർവ്വകലാശാല അംഗീകാരമുള്ള നാലാമത്തെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമാണ്. 1985-ൽ കാരിത്താസ് ഫ്രാൻസിസ് എച്ച് എ സ് യു കോളേജായി ആരംഭിച്ച സർവ്വകലാശാല, 2001-ൽ ഉപബിരുദ കർമ്മപരിപാടികളോടുകൂടി അംഗീകൃത പോസ്റ്റ്-സെക്കൻഡറി കോളേജായി മാറി. 2010-ൽ ബിരുദതല വിദ്യാഭ്യാസത്തിനുള്ള ഔദ്യോഗിക അംഗീകാരം കൈവരിച്ചതിനുശേഷം, 2011 മുതൽ കാരിത്താസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ എന്ന പേരിൽ പിന്നീട് അറിയപ്പെടാൻ തുടങ്ങി.
ഹോങ്കോംഗ് ബിഷപ്പ് കർദ്ദിനാൾ സ്റ്റീഫൻ ചൗവാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ഒരു സർവ്വകലാശാലയാക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ടുള്ള ആശയം മുന്നോട്ടുവെച്ചത്. വിദ്യാഭ്യാസത്തിൽ നിലവാരമുള്ള പഠനത്തിന് കൂടുതൽ അവസരങ്ങൾ പ്രധാനം ചെയ്യുകയും തങ്ങളുടെ തൊഴിൽ മേഖലയിൽ ഉയരാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്കു അംഗീകാരം നൽകുകയും ചെയ്യുന്നതാണ് സർവ്വകലാശാല പദവി നവീകരണമെന്നും യൂണിവേഴ്സിറ്റി, തങ്ങളുടെ സവിശേഷമായ പാഠ്യപദ്ധതി വാഗ്ദാനം ചെയ്യുന്നത് തുടരുമെന്നും യൂണിവേഴ്‌സിറ്റി പ്രസിഡന്റ്, കിം മാക്ക് കിൻ-വാ, സൗത്ത് ചൈന മോണിംഗ് പോസ്റ്റിനോട് പറഞ്ഞു. ചൈനയിലെ പ്രത്യേക ഭരണമേഖലയായ ഹോങ്കോങ്ങില്‍ മൂന്നു ലക്ഷം കത്തോലിക്കരാണുള്ളത്.