News - 2024

വിവാദ ബില്ലിനെതിരെ ഹോങ്കോങ്ങ് തെരുവില്‍ ഉയര്‍ന്നത് ഹല്ലേലൂയ്യ ഗീതം

സ്വന്തം ലേഖകന്‍ 20-06-2019 - Thursday

സ്വയംഭരണാവകാശമുള്ള ഹോങ്കോങിൽ നിന്ന് കുറ്റവാളികളെ വിചാരണക്കായി ചൈനക്ക് കൈമാറുന്ന വിവാദ ബില്ലിനെതിരെയുള്ള പ്രതിഷേധത്തില്‍ ജനങ്ങള്‍ ഉയര്‍ത്തുന്നത് ഹല്ലേലൂയ്യ ഗീതവും ബൈബിളും. ജനപങ്കാളിത്തം കൊണ്ട് ലോകത്തെ തന്നെ ഞെട്ടിച്ച പ്രതിഷേധ റാലിയില്‍ മുന്നിൽ നിൽക്കുന്നത് ക്രൈസ്തവ വിശ്വാസികളായിരിന്നു. 1974ല്‍ രചിക്കപ്പെട്ട 'സിങ് ഹല്ലേലൂയ ടു ദി ലോര്‍ഡ്' എന്ന ക്രിസ്തീയ ഗാനമായിരുന്നു റാലി വഴിയില്‍ മുഴങ്ങിയത്. ബൈബിളും ജപമാലയും കൈയിലേന്തിയായിരിന്നു പ്രതിഷേധമെന്നതും ശ്രദ്ധേയമാണ്.





തിന്മക്കെതിരെ നന്മ നടത്തുന്ന പോരാട്ടം എന്നതിനെ കേന്ദ്രീകരിച്ചാണ് ക്രൈസ്തവർ ചൈനക്കെതിരെ ഹോങ്കോങ്ങിലെ ജനതയ്ക്കു വേണ്ടി പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നത്. 75 ലക്ഷം ജനസംഖ്യയുള്ള ഹോങ്കോങ്ങിലെ ഒമ്പതിൽ ഒരാൾ മാത്രമാണ് ക്രൈസ്തവ വിശ്വാസിയെങ്കിലും ക്രൈസ്തവരുടെ സാന്നിധ്യം ഹോങ്കോങ്ങിലെ ജനതയ്ക്ക് വലിയൊരു പ്രചോദനമായി മാറുകയാണ്. പൈശാചിക സർക്കാരിനെതിരെ പോരാടാൻ തങ്ങളുടെ ക്രൈസ്തവ വിശ്വാസമാണ് തങ്ങൾക്ക് ധൈര്യവും, ആത്മവിശ്വാസവും, പ്രത്യാശയും നൽകുന്നതെന്ന് പ്രകടനങ്ങളിൽ പങ്കെടുത്ത പാസ്റ്റർ ഡേവിഡ് ചെയൂങ് പറഞ്ഞു.

ഹോങ്കോങ്ങിലെ മുൻ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ ജോസഫ് സെന്നും ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ച് രംഗത്തുവന്നിരുന്നു. പ്രതിഷേധക്കാരെ ഭയന്ന് ബില്ല് താത്ക്കാലികമായി ചർച്ചചെയ്യുന്നത് മാറ്റിവച്ചിരിക്കുകയാണ്. അതേസമയം ചൈനയോട് വിധേയത്വം പുലർത്തുന്ന ഹോങ്കോങ്ങിലെ ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധം കടുപ്പിക്കാന്‍ തന്നെയാണ് സാധാരണക്കാരുടെ തീരുമാനം.


Related Articles »