Faith And Reason - 2024

ഹോളിവുഡിലെ തന്റെ വിജയങ്ങള്‍ക്ക് കാരണം പരിശുദ്ധ കന്യകാമാതാവ്: നടന്‍ ജിം കാവിയേസല്‍

സ്വന്തം ലേഖകന്‍ 21-06-2019 - Friday

ആംസ്റ്റര്‍ഡാം: ഒരു നടന്‍ എന്ന നിലയില്‍ തന്റെ വിജയത്തിന്റെ കാരണം പരിശുദ്ധ കന്യകാമാതാവിന്റെ മാധ്യസ്ഥമാണെന്ന് ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’ ചിത്രത്തിലെ ക്രിസ്തുവിന്റെ വേഷത്തിലൂടെ പ്രസിദ്ധനായ ഹോളിവുഡ് നടന്‍ ജിം കാവിയേസല്‍. ജൂണ്‍ മാസം ആരംഭത്തില്‍ നെതര്‍ലന്‍ഡ്‌സിലെ ഹാര്‍ലേം-ആംസ്റ്റര്‍ഡാം അതിരൂപത സംഘടിപ്പിച്ച “യൂക്കരിസ്റ്റിക് ഹോളി ഔര്‍ ഫോര്‍ വേള്‍ഡ് പീസ്‌ ത്രൂ ദി മദര്‍ ഓഫ് ഓള്‍ പീപ്പിള്‍സ്” പരിപാടിയില്‍ പങ്കെടുത്ത് നടത്തിയ പ്രസംഗത്തിലാണ് തന്റെ ജീവിതത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ഇടപെടലുകളെക്കുറിച്ച് അദ്ദേഹം വിവരിച്ചത്.

സുപ്രസിദ്ധ ഹോളിവുഡ് ഡയറക്ടറായ ടെറെന്‍സ് മല്ലിക്കുമായി അടുപ്പിച്ചത് ജപമാലയാണെന്ന്‍ കാവിയേസല്‍ തുറന്നുപറഞ്ഞു. ടെറെന്‍സുമായുള്ള അഭിമുഖത്തിനു പോയപ്പോള്‍ കയ്യില്‍ കരുതിയിരുന്ന ജപമാല അദ്ദേഹത്തിന്റെ മുറിയുടെ വാതിക്കല്‍ തന്നെ അഭിവാദ്യം ചെയ്ത സ്ത്രീക്ക് നല്‍കി. താന്‍ ജപമാല സമ്മാനിച്ച ആ സ്ത്രീ ടെറെന്‍സിന്റെ ഭാര്യയായിരുന്നെന്നും, അന്നേദിവസം അവര്‍ ഒരു പുതിയ ജപമാലക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നുവെന്നും പിന്നീടാണ് മനസ്സിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പരിശുദ്ധ അമ്മ കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും അതുവഴിയാണ് തനിക്ക് അക്കാദമി അവാര്‍ഡ് നേടിയ ‘ദി തിന്‍ റെഡ് ലൈന്‍’ എന്ന സിനിമയില്‍ അവസരം ലഭിച്ചതെന്നും കാവിയേസല്‍ കൂട്ടിച്ചേര്‍ത്തു.

2000-ല്‍ ‘കൗണ്ട് ഓഫ് മോണ്ടെ ക്രിസ്റ്റോ’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്കത് സാധ്യമാകുമോ എന്ന സംശയം ഉണ്ടായിരുന്നു. എന്നാല്‍ പരിശുദ്ധ മാതാവിന്റെ ഒരു ചുവര്‍ച്ചിത്രം കാണിച്ചു തരിക വഴി സംവിധായകനിലൂടെ വീണ്ടും താന്‍ ദൈവമാതാവിന്റെ മധ്യസ്ഥശക്തി അനുഭവിച്ചറിഞ്ഞു. സിനിമയെങ്കിലും ദൈവമാതാവിന്റെ കൂടെ കുറച്ചു നേരം അഭിനയിക്കുവാന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നുവെന്നാണ് മെല്‍ ഗിബ്സന്റെ ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’ എന്ന സിനിമയിലെ വേഷത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

പാഷന്‍ ഓഫ് ക്രൈസ്റ്റ് സിനിമ തന്നെ പരിശുദ്ധ മാതാവുമായി കൂടുതല്‍ അടുപ്പിച്ചു. സിനിമയുടെ ചിത്രീകരണത്തിന് മുന്‍പ് മെഡ്ജുഗോറി തീര്‍ത്ഥാടനം നടത്തിയ താന്‍ തന്റെ ജീവിതത്തെ പൂര്‍ണ്ണമായും ദൈവമാതാവിന് ഭരമേല്‍പ്പിച്ചു. യേശുവിന്റെ സഹനങ്ങളെ കൂടുതല്‍ അറിയും തോറും, ദൈവമാതാവിന്റെ അനുകമ്പയെക്കുറിച്ചും അറിയുകയാണെന്നും കാവിയേസല്‍ പറയുന്നു.

നിരവധി സഹനങ്ങള്‍ ഏറ്റുവാങ്ങിയാണ് കാവിയേസല്‍ ഈ സിനിമയിലെ യേശുവിന്റെ വേഷം പൂര്‍ത്തിയാക്കിയത്. സിനിമയിലൂടെ ആത്മാക്കളെ യേശുവുമായി അടുപ്പിക്കുവാന്‍ അതെല്ലാം താന്‍ സഹിക്കുകയായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. 'സ്വര്‍ഗ്ഗത്തില്‍ നമ്മുടെ പേര് എഴുതി ചേര്‍ത്തിട്ടില്ലെങ്കില്‍ പ്രശസ്തികള്‍ കൊണ്ട് യാതൊരു ഫലവുമില്ല' എന്ന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് കാവിയേസല്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.


Related Articles »