Arts - 2025
ഏഷ്യയിലെ ഏറ്റവും വലിയ ബൈബിള്‍ മ്യൂസിയം തിരുവനന്തപുരത്ത്
സ്വന്തം ലേഖകന്‍ 24-06-2019 - Monday
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും ചെറിയ ബൈബിള്‍ മുതല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളവ ഉള്‍പ്പെടുത്തിക്കൊണ്ട് തിരുവനന്തപുരം വെമ്പായത്തെ ബൈബിള്‍ മ്യൂസിയം ശ്രദ്ധപിടിച്ചുപറ്റുന്നു. വിശേഷ പ്രവര്‍ത്തകനായ ഡോ. മാത്യൂസ് വര്‍ഗീസാണ് ഇരുന്നൂറ്റിയെഴുപത് ഭാഷകളിലുള്ള ബൈബിളുകളുടെ വിസ്മയ ശേഖരവുമായി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബൈബിള്‍ മ്യൂസിയം 'മ്യൂസിയം ഓഫ് ദ വേര്‍ഡ്' രൂപകല്പന ചെയ്തിരിക്കുന്നത്. അമേരിക്കയിലെ വാഷിംഗ്ടണ്‍ ബൈബിള്‍ മ്യൂസിയത്തിന് സമാനമായി പഴയനിയമകാലം മുതലുള്ള പല കാഴ്ചകളും കൂടി ഉള്‍ച്ചേര്‍ത്താണ് വെമ്പായത്തെ മ്യൂസിയം എന്നതും ശ്രദ്ധേയമാണ്.
കടലാസ് കണ്ടുപിടിക്കുന്നതിന് മുമ്പ് പശുക്കുട്ടിയുടെ തോലില്‍ തീര്‍ത്ത അഞ്ഞൂറിലേറെ വര്‍ഷം പഴക്കമുളള ഗേസ് ബൈബിള്‍, രാജാക്കന്മാര്‍ സമ്മാനം നല്കാന്‍ ഉപയോഗിച്ചിരുന്ന ഒരു വശത്ത് നാണയങ്ങളും മറുവശത്ത് വചനവുമുള്ള മെഡാലിയന്‍ ബൈബിള്‍, ഗുട്ടന്‍ബര്‍ഗ് അച്ചടിയന്ത്രം കണ്ടുപിടിച്ചശേഷം ആദ്യ കാലത്തെ ബൈബിളുകള്‍ തുടങ്ങിയ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ അമൂല്യ ശേഖരങ്ങളുടെ കലവറയാണ് ഈ വചന മ്യൂസിയം.
ലോകത്തിലെ ഏറ്റവും ചെറിയ ബൈബിളുകള്‍, ഗോത്രഭാഷ മുതല്‍ ചെക്ക്, ഡച്ച് , അല്‍ബേനിയന്‍, ഇറ്റാലിയന്‍ തുടങ്ങി ഇരുന്നൂറ്റി എഴുപത് ഭാഷകളിലെ ബൈബിളുകള്‍, കുട്ടികളുടെ ബൈബിളുകള്‍, ജെറുസലേമിലെ തിരുക്കല്ലറയുടെ മാതൃക, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനുമായി ബന്ധപ്പെട്ട അപൂര്‍വ്വ ചിത്രങ്ങള്‍, ബൈബിള്‍ വ്യാഖ്യാനങ്ങള്‍, പഠന സഹായികള്‍. യേശുവിന്റെ മുള്‍ക്കിരീട മാതൃകയും യഹൂദ ആരാധനയിലുപയോഗിക്കുന്ന ആട്ടിന്‍ കൊമ്പുകൊണ്ടുണ്ടാക്കിയ കാഹളവും യഹൂദ ആരാധനയുടെ തന്നെ ഭാഗമായ തോറയുമെല്ലാം മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ നിന്ന്് മുപ്പത് മിനിറ്റ് യാത്രാ ദൂരത്തില്‍ വെമ്പായം കന്യാകുളങ്ങരയിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. എല്ലാ ദിവസവും പത്തു മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് പ്രദര്‍ശന സമയം.
![](/images/close.png)