News
ഫാ. മൈക്കിള്‍ ലോസിനു പോളിഷ് ജനതയുടെ യാത്രാമൊഴി
സ്വന്തം ലേഖകന്‍ 25-06-2019 - Tuesday
വാഴ്സോ: മരണത്തോട് മല്ലിട്ട് ആശുപത്രി കിടക്കയില്‍ ഡീക്കന്‍- വൈദിക പട്ടം ഒരുമിച്ച് സ്വീകരിച്ച് ഒടുവില്‍ നിത്യതയിലേക്ക് യാത്രയായ ഫാ. മൈക്കിള്‍ ലോസിന് പോളണ്ട് എന്നെന്നേക്കുമായി വിട ചൊല്ലി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കാളിസിലെ ഗോഡ്സ് പ്രോവിഡന്‍സ് ഇടവക ദേവാലയത്തില്‍വെച്ചു നടന്ന മൃതസംസ്കാര ശുശ്രൂഷയില്‍ നൂറുകണക്കിന് വിശ്വാസികളും വൈദികരുമാണ് അന്തിമ ഉപചാരമര്‍പ്പിക്കുവാന്‍ എത്തിയത്. കാളിസിലെ സെന്റ് സാന്താ കത്തീഡ്രല്‍ വികാരി മോണ്‍സിഞ്ഞോര്‍ ആഡം മോഡ്ലിന്‍സ്കി വിശുദ്ധ കുര്‍ബാനക്ക് നേതൃത്വം നല്‍കിയത്.
ഫാ. മൈക്കിളിന്റെ സഭയായ സൺസ് ഓഫ് ഡിവൈൻ പ്രോവിഡൻസ് സഭാംഗങ്ങളുടെ ഒരു വന്‍ നിരതന്നെ ദേവാലയത്തില്‍ എത്തിയിരിന്നു. പ്രോവിന്‍ഷ്യാള്‍ സുപ്പീരിയറായ റവ. ഡോ. ക്രിസ്റ്റോഫ് ദേവാലയത്തില്‍ ഉണ്ടായിരിന്നു. സഭയുടെ പ്രാദേശിക സമൂഹത്തില്‍പ്പെട്ട ഫാ. കാസിമിയേഴ്സ് ബാരനോവ്സ്കി വിടപറയല്‍ സന്ദേശം നല്‍കി. പിറ്റേന്ന് ശനിയാഴ്ച ഫാ. മൈക്കിള്‍ ലോസിന്റെ ജന്മദേശമായ ഡാബ്രോവ്കി ബ്രെന്‍സ്കിച്ച് ഇടവകയില്‍ നടന്ന വിശുദ്ധ കുര്‍ബാനക്കും ഇതര ശുശ്രൂഷകള്‍ക്കും ടാര്‍നോ രൂപതയുടെ സഹായ മെത്രാനായ ലെസെക് ലെസ്കീവിക്സ് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ഫാ. മൈക്കിള്‍ ലോസിന്റെ ബന്ധുമിത്രാദികള്‍, പുരോഹിതര്‍, സന്യസ്ഥര്‍ എന്നിവരെക്കൂടാതെ നിരവധി വിശ്വാസികളും കുര്‍ബാനയില്‍ പങ്കെടുത്തു. പോളണ്ടിന്റെ പ്രസിഡന്റ് ആന്‍ഡ്രേജ് ഡൂഡെയുടെ പ്രത്യേക പ്രതിനിധിയായി മന്ത്രിസഭാ കാര്യാലയത്തിന്റെ ഡയറക്ടറായ മീസ്കോ പാവ്ലാക്കും ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഫാ. മൈക്കിളിന്റെ ദൈവവിളിയുടെ ചരിത്രം നമ്മെ സംബന്ധിച്ചിടത്തോളം ദൈവസേവനത്തിന് വേണ്ടിയുള്ള ആഗ്രഹത്തിന്റേയും പ്രാര്‍ത്ഥനയുടേയും ഒരു സാക്ഷ്യമാണെന്ന്‍ കോണ്‍ഗ്രിഗേഷന്‍റെ പ്രാദേശിക സുപ്പീരിയര്‍ പറഞ്ഞു.
സൺസ് ഓഫ് ഡിവൈൻ പ്രോവിഡൻസ് ജനറല്‍ കൗണ്‍സിലറായ ഫാ. ഫെര്‍ണാണ്ടോയും ഫാ. മൈക്കിളിനെ അനുസ്മരിച്ച് സന്ദേശം നല്‍കി. “യേശുവിന്റെ സ്നേഹത്തില്‍ നിന്നും എന്നെ വേര്‍പിരിക്കുവാന്‍ യാതൊന്നിനും സാധ്യമല്ല” എന്ന വചനത്തിന്റെ നേര്‍സാക്ഷ്യമാണ് ഫാ. മൈക്കിള്‍ എന്ന്‍ അദ്ദേഹം പറഞ്ഞു. ആശുപത്രിക്കിടക്കയിൽ ടെർമിനൽ കാൻസറിനോട് മല്ലിട്ട് കിടക്കവേ ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക അനുവാദത്തോടുകൂടി ഒരേ ദിവസം ഡീക്കൻ പട്ടവും, പൗരോഹിത്യ പട്ടവും ഒരുമിച്ചു സ്വീകരിച്ച ഫാ. മൈക്കിള്‍ ഇക്കഴിഞ്ഞ പതിനേഴാം തീയതിയാണ് സ്വര്‍ഗ്ഗീയ ഭവനത്തിലേക്ക് യാത്രയായത്.