News - 2024
പുതിയ യൂറോപ്യന്‍ നേതൃത്വം ക്രിസ്ത്യന്‍ സംസ്കാരത്തെ ബഹുമാനിക്കണം: ഹംഗറി പ്രധാനമന്ത്രി ഓര്‍ബാന്‍
സ്വന്തം ലേഖകന്‍ 22-06-2019 - Saturday
ബുഡാപെസ്റ്റ്: പുതുതായി യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തില്‍ വരുന്നവര്‍ രാഷ്ട്രങ്ങളേയും ക്രിസ്ത്യന്‍ സംസ്കാരത്തേയും വിലമതിക്കുന്നവരായിരിക്കണമെന്ന് ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍. കൊസ്സുത്ത് റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യൂറോപ്യന്‍ യൂണിയന്‍ കമ്മീഷനിലേക്കുള്ള അടുത്ത തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിലാണ് ഓര്‍ബന്റെ ഈ അഭിപ്രായ പ്രകടനമെന്നത് ശ്രദ്ധേയമാണ്.
ബ്രസ്സല്‍സിലെ ഉദ്യോഗസ്ഥവൃന്ദങ്ങള്‍ക്ക് പകരം രാഷ്ട്രങ്ങളുടെ പരമാധികാരത്തെ അംഗീകരിക്കുന്നവരെയും ക്രിസ്തീയ മൂല്യങ്ങള്‍ പിന്‍ചെല്ലുന്നവരെയുമായിരിക്കും തന്റെ പാര്‍ട്ടി പിന്തുണക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുമ്പോള്‍ അഭയാര്‍ത്ഥി പ്രശ്നം ഒരു പ്രധാനവിഷയമായിരിക്കുമെന്നും അദ്ദേഹം എടുത്തു പറഞ്ഞു. പിന്തുണക്കുന്ന സ്ഥാനാര്‍ത്ഥിയെ പേരെടുത്ത് പറയുവാന്‍ അദ്ദേഹം തയ്യാറായില്ലെങ്കിലും മധ്യയൂറോപ്യന്‍ മേഖലയില്‍ നിന്നുള്ളവരേയോ, മേഖലയിലെ രാഷ്ട്രങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാത്തവരേയോ ആയിരിക്കും തങ്ങള്‍ പിന്തുണക്കുകയെന്ന്‍ അദ്ദേഹം സൂചിപ്പിച്ചു.
ഹംഗറി, ചെക്ക് റിപ്പബ്ലിക്, പോളണ്ട്, സ്ലോവാക്യ എന്നിവിടങ്ങളില്‍ സ്വാധീനമുള്ള വിസെഗ്രാഡ് ഗ്രൂപ്പ് (V4) പുതിയ യൂറോപ്യന്‍ കമ്മീഷനിലും സ്വാധീനം ചെലുത്തുവാന്‍ ശ്രമിക്കുന്നുണ്ടെന്നു ഓര്‍ബാന്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ ക്രിസ്തീയ പാരമ്പര്യത്തില്‍ അഭിമാനിക്കുകയും യേശുവിലുള്ള വിശ്വാസം പരസ്യമായി പ്രഘോഷിക്കുകയും ചെയ്യുന്ന ഭരണകൂടമാണ് ഇപ്പോള്‍ ഹംഗറി ഭരിക്കുന്നത്. സമ്പുഷ്ടമായ ക്രീസ്തീയ പാരമ്പര്യമുള്ള രാഷ്ട്രമായതില്‍ തങ്ങള്‍ അഭിമാനിക്കുകയും അത് സംരക്ഷിക്കുവാന്‍ നിലകൊള്ളുകകയും ചെയ്യുമെന്ന് ഹംഗേറിയന്‍ വിദേശകാര്യ മന്ത്രി പീറ്റര്‍ സിജാര്‍ട്ടോ അടുത്ത നാളില്‍ പ്രസ്താവിച്ചിരിന്നു.