News - 2024

കത്തോലിക്ക സഭയെ കുറിച്ച് പഠിക്കാന്‍ യുവ റഷ്യൻ ഓർത്തഡോക്സ് വൈദികര്‍

സ്വന്തം ലേഖകന്‍ 23-06-2019 - Sunday

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലേക്ക് യുവ റഷ്യൻ ഓർത്തഡോക്സ് വൈദികരുടെ പഠനയാത്ര. കത്തോലിക്കാസഭയെ പറ്റി കൂടുതൽ പഠിക്കാനായാണ് ജൂൺ 8 മുതൽ 15 വരെ നീണ്ടു നിന്ന സന്ദർശനം ഓർത്തഡോക്സ് വൈദികര്‍ നടത്തിയത്. ക്രൈസ്തവ ഐക്യത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ, റഷ്യൻ ഓർത്തഡോക്സ് വൈദികരെ സ്വീകരിച്ചു. 12 വൈദികരാണ് സംഘത്തിലുണ്ടായിരുന്നത്. റഷ്യൻ ഓർത്തഡോക്സ് ബിഷപ്പ് ഫിയോക്ടിസ്റ്റ് സംഘത്തെ നയിച്ചു. പന്തക്കുസ്താ തിരുനാളിൽ ഫ്രാൻസിസ് മാർപാപ്പ അർപ്പിച്ച ദിവ്യബലിയിൽ സംഘം പങ്കെടുത്തു.

നഗരത്തിലെ വിശുദ്ധ സ്ഥലങ്ങള്‍, വത്തിക്കാനിലെ വിവിധ തിരുസംഘങ്ങളുടെ ഓഫീസുകള്‍, പൊന്തിഫിക്കല്‍ ലാറ്ററൻ യൂണിവേഴ്സിറ്റി, ഗ്രിഗോറിയൻ യൂണിവേഴ്സിറ്റി തുടങ്ങിയ സർവ്വകലാശാലകളിലും വൈദികർ സന്ദർശനം നടത്തി. ജൂൺ പന്ത്രണ്ടാം തീയതിയാണ് ആഗോള സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പയുമായി നേരിട്ടു കൂടിക്കാഴ്ച നടത്താന്‍ അവര്‍ക്കു അവസരം ലഭിച്ചത്. ഇതിന് പിന്നാലെ പിറ്റേന്ന് സംഘം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനുമായും കൂടിക്കാഴ്ച നടത്തി. തുടർച്ചയായ നാലാം വർഷമാണ് റഷ്യൻ സംഘം വത്തിക്കാനിൽ എത്തുന്നത്.

ഇനി ഓഗസ്റ്റിൽ കത്തോലിക്കാസഭയിലെ ഏതാനും യുവവൈദികർ റഷ്യയും സന്ദർശിക്കും. റഷ്യൻ ഓർത്തഡോക്സ് സഭയുടെ ക്ഷണപ്രകാരമാണ് അവർ സന്ദര്‍ശനം നടത്തുന്നത്. 2016 ഫെബ്രുവരിയില്‍ ക്യൂബയിലെ ഹവാനയിൽ ഫ്രാൻസിസ് മാർപാപ്പയും, റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവനായ പാത്രിയാർക്കീസ് കിറിലും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇത്തരം സന്ദര്‍ശന യാത്രകൾക്ക് കളമൊരുങ്ങിയതെന്നത് ശ്രദ്ധേയമാണ്.

More Archives >>

Page 1 of 464