India - 2025
മത്സ്യമേഖലാ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണം: ബിഷപ്പ് ക്രിസ്തുദാസ്
26-06-2019 - Wednesday
തിരുവനന്തപുരം: മത്സ്യമേഖലാ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസ്. കേരള മത്സ്യമേഖലാ വിദ്യാര്‍ത്ഥി സമിതി (കെഎംവിഎസ്)യുടെ ആഭിമുഖ്യത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മത്സ്യമേഖലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് എല്ലാ ദിവസവും കോളജില്‍പോയി പഠിച്ച് മടങ്ങിയെത്താന്‍ സാധിക്കില്ല. അതിനാല്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കേണ്ടിവരും. മത്സ്യമേഖലാ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന ഹോസ്റ്റല്‍ ഫീസ് അടുത്തകാലത്തായി വെട്ടിക്കുറച്ചു. അത് പുനഃസ്ഥാപിക്കണം.
തീരദേശ വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് അതിരൂപതക്ക് അനുവദിക്കണം. കേന്ദ്രത്തില്‍ പുതിയ ഫിഷറീസ് മന്ത്രാലയം വന്നു. മന്ത്രാലയത്തില്നിന്ന് മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് എസ്‌സി, എസ്ടി വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നതിനു തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭ്യമാക്കാനായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റ് നടയില്‍ നിന്നാരംഭിച്ച മാര്‍ച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ഫിഷറീസ് മിനിസ്ട്രി ഡയറക്ടര്‍ ഫാ. ഷാജിന്‍ ജോസ് ഫ്‌ളാഗ് ഓഫ് ചെയ്തു.
സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് ടി. പീറ്റര്‍, തിരുവനന്തപുരം മത്സ്യതൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് ജോണ്‍ ബോസ്‌കോ, തിരുവനന്തപുരം ലത്തീന്‍ അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഡോ. ഡൈസണ്‍, വിദ്യാഭ്യാസ മിനിസ്ട്രി ഡയറക്ടര്‍ ഫാ. മെല്‍ക്കന്‍, കെഎംവിഎസ് നേതാക്കളായ പ്രീതി ഫ്രാങ്ക്‌ളിന്‍, ടോണി ലയോണ്‍സ്, ഡിക്‌സന്‍ ഡേവിഡ്, എസ്. രമ്യ, ഷാജി സ്‌റ്റെല്ലസ്, സ്‌നേഹ കാര്‍മല്‍, സുനില്‍ ഡേവിഡ്, വിമല്‍ ആന്റണി, ഫ്രിജോയ്, അലോഷ്യസ്, സുജ, സിബിന്‍ വിക്ടര്‍, സിഎഫ്എസ് കോഓര്‍ഡിനേറ്റര്‍ തദയൂസ് പൊന്നയന്‍ എന്നിവര്‍ പ്രസംഗിച്ചു. സമിതി ജോയിന്റ് കണ്‍വീനര്‍ പ്രീതി ഫ്രാങ്ക്‌ളിന്‍ സ്വാഗതം പറഞ്ഞു.