News - 2024

പീഡന പരാതി വ്യാജമെന്ന് തെളിഞ്ഞു: ഒടുവില്‍ വൈദികന് നീതി

സ്വന്തം ലേഖകന്‍ 26-06-2019 - Wednesday

ഭോപ്പാല്‍: ഭോപ്പാല്‍ അതിരൂപതയിലെ കത്തോലിക്ക വൈദികന് നേരെ മധ്യവയസ്ക ഉയര്‍ത്തിയ പീഡന പരാതി വ്യാജമാണെന്ന് തെളിഞ്ഞതിന് തുടര്‍ന്നു വൈദികനെ വിചാരണ കോടതി വെറുതെവിട്ടു. വ്യാജ ആരോപണത്തിന്റെ മറവില്‍ പ്രതിചേര്‍ക്കപ്പെട്ട അന്‍പത്തിരണ്ട് വയസ്സുള്ള വൈദികനെയാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകളും, സാക്ഷിമൊഴികളും, മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോധിച്ച ശേഷം ഭോപ്പാല്‍ കോടതി വെറുതെവിട്ടത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ്‌ 11-നായിരുന്നു ഫാ. ജോര്‍ജ്ജ് ജേക്കബ് എന്ന വൈദികനെ വീട്ടമ്മയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന സമയത്തെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ നല്‍കുവാന്‍ പരാതിക്കാരിക്ക് കഴിയാതിരുന്നതും ശാസ്ത്രീയ പരിശോധനയെയും തുടര്‍ന്നു സംഭവം കെട്ടിച്ചമച്ചതാണെന്ന്‍ കോടതിക്ക് ബോധ്യപ്പെടുകയായിരിന്നു.

വൈദികനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയെ ഭോപ്പാല്‍ അതിരൂപത സ്വാഗതം ചെയ്തു. ഫാ. ജേക്കബ് ജോര്‍ജ്ജിന്റെ നിരപരാധിത്വം ഒരിക്കല്‍ പുറത്തുവരുമെന്ന് തങ്ങള്‍ക്കറിയാമായിരുന്നുവെന്ന് അതിരൂപതയുടെ ഔദ്യോഗിക വക്താവായ ഫാ. മരിയ സ്റ്റീഫന്‍ പറഞ്ഞു. ഒരു സ്കൂളിലും പ്രിന്‍സിപ്പാള്‍ അല്ലാതിരുന്ന ഫാ. ജേക്കബ് താന്‍ പ്രിന്‍സിപ്പാളായിരിക്കുന്ന സ്കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് തന്നെ പീഡിപ്പിച്ചു എന്ന സ്ത്രീയുടെ പരാതി വ്യാജമാണെന്ന സംശയം തുടക്കത്തിലേ ഉണ്ടായിരുന്നുവെന്നും ഫാ. മരിയ സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു. അവിവാഹിതയായ ഹിന്ദു സ്ത്രീ എന്ന പേരില്‍ പരാതിക്കാരി ആള്‍മാറാട്ടം നടത്തിയതായും സഭാ നേതൃത്വം ആരോപിക്കുന്നു.

ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ വിവാഹിതയായ മുസ്ലീം യുവതിയാണെന്ന് വ്യക്തമായിരുന്നു. പണം തട്ടിയെടുക്കുക എന്ന ദുരുദ്ദേശമാണ് ഈ വ്യാജപരാതിയുടെ പിന്നിലെന്നും ഫാ. മരിയ സ്റ്റീഫന്‍ പറഞ്ഞു. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടുകൊണ്ടാണ് ഈ സ്ത്രീ തന്റെ മുറിയിലേയ്ക്ക് വന്നതെന്ന് ഫാ. ജേക്കബ് പറയുന്നു. മുറിയില്‍ കയറിയ ഇവര്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‍ ഫാ. ജേക്കബ് പുറത്താക്കുകയായിരിന്നു. എന്നാല്‍ വ്യാജ ആരോപണങ്ങള്‍ നിരത്തി ഇവര്‍ കേസ് ഫയല്‍ ചെയ്തെങ്കിലും ശാസ്ത്രീയ പരിശോധനകളും മെഡിക്കല്‍ ഫലങ്ങളും തെളിവുകളും പ്രതികൂലമായപ്പോള്‍ സത്യം നീതിപീഠത്തിന് ബോധ്യപ്പെടുകയായിരിന്നു.

സമീപ വര്‍ഷങ്ങളിലായി ഭോപ്പാലില്‍ വൈദികര്‍ക്ക് നേരെ ലൈംഗിക അപവാദങ്ങള്‍ കെട്ടിച്ചമക്കുന്നത് പതിവായി മാറിയിരിക്കുകയാണ്. ദേവാസ് ജില്ലയിലെ 10 വയസുകാരിയെ ബലാത്സംഗം ചെയ്തെന്ന ആരോപണത്തിന്റെ പേരില്‍ ജയിലിലായ ഫാ.വിക്ടര്‍ മുന്ദാര്‍ഗി 2018 ഫെബ്രുവരിയിലാണ് കുറ്റക്കാരനല്ലെന്ന് കണ്ട് പുറത്തുവിട്ടത്. 2017 സെപ്റ്റംബറില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ഫാ. സെബാസ്റ്റ്യന്‍ പന്തല്ലുപറമ്പിലിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സിസിടിവി ഫൂട്ടേജില്‍ നിന്നും, പുരോഹിതനെതിരായ ആരോപണം വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. കത്തോലിക്ക പുരോഹിതര്‍ക്കെതിരെയുള്ള വ്യാജ ആരോപണങ്ങളുടെ പിന്നില്‍ തീവ്രഹിന്ദുത്വ പാര്‍ട്ടികളുടെ ക്രൈസ്തവവിരുദ്ധതയാണെന്ന ആരോപണം ശക്തമാണ്.


Related Articles »