Arts - 2024

ബൈബിള്‍ രാജാക്കന്മാരുടെ ശവകുടീരം വീണ്ടും തുറന്നു

സ്വന്തം ലേഖകന്‍ 29-06-2019 - Saturday

ജെറുസലേം: ജെറുസലേമിന്റെ ഹൃദയഭാഗത്ത് പുരാതനനഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന രണ്ടായിരം വര്‍ഷം പഴക്കമുള്ള “രാജാക്കന്‍മാരുടെ ശവകുടീരം” (ദി ടോംബ് ഓഫ് കിംഗ്സ്) എന്നറിയപ്പെടുന്ന കല്ലറ സമുച്ചയം വീണ്ടും തുറന്നു. കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍ക്കുളില്‍ ഇതാദ്യമായാണ് പൊതുപ്രദര്‍ശനത്തിന് കല്ലറ തുറന്നുകൊടുക്കുന്നത്. ബൈബിളിലെ പഴയനിയമത്തില്‍ വിവരിക്കുന്ന രാജാക്കന്മാരായ ദാവീദിനേയും, സോളമനേയും അടക്കം ചെയ്തിരിക്കുന്ന സ്ഥലമാണെന്നാണ് ഉദ്ഘനനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പുരാവസ്തു ഗവേഷകനായ ഫെലീസിയന്‍ ഡെ സോള്‍സി പറയുന്നത്.

എന്നാല്‍ ഹെലേന രാജ്ഞിയുടെ രാജവംശത്തില്‍ പെട്ടവരുടെ കല്ലറകളാണെന്ന ഭിന്ന അഭിപ്രായം മറ്റ് പുരാവസ്തുഗവേഷകര്‍ ഉന്നയിക്കുന്നുണ്ട്. കല്ലറ സ്ഥിതി ചെയ്യുന്നത് ഇസ്രായേലിലാണെങ്കിലും ഫ്രഞ്ച് കോണ്‍സുലേറ്റിനാണ് നിയന്ത്രണം. സ്ഥലത്തിന്റെ ചരിത്രപരമായ പ്രാധാന്യം കാരണം തങ്ങളുടെ പൂര്‍വ്വപിതാക്കന്‍മാരെ അടക്കം ചെയ്തിരിക്കുന്ന വിശുദ്ധസ്ഥലമായിട്ടാണ് യഹൂദര്‍ സ്ഥലത്തെ കണ്ടുവരുന്നത്. അതിനാല്‍ തന്നെ ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി ഇസ്രായേലും ഫ്രാന്‍സും തമ്മില്‍ തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്.

തങ്ങളെ ഇവിടെ പ്രാര്‍ത്ഥിക്കുവാന്‍ അനുവദിക്കണം എന്നാണ് യഹൂദരുടെ ആവശ്യം. 2010-ലാണ് പുരാവസ്തുപരമായി വളരെയേറെ പ്രാധാന്യമുള്ള ശവകുടീര സമുച്ചയം അറ്റകുറ്റപ്പണികളെ തുടര്‍ന്ന്‍ അടച്ചത്. റോമന്‍ കാലഘട്ടത്തിലെ വിശാലമായ ഈ ശവകുടീര സമുച്ചയം മേഖലയിലെ ഏറ്റവും വലിയ ശവകുടീര സമുച്ചയമാണ്. തീര്‍ത്ഥാടകര്‍ക്കായി ചൊവ്വയും, വ്യാഴവും രാവിലെ തുറക്കുമെന്നാണ് കോണ്‍സുലേറ്റിന്റെ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നത്. 45 മിനിട്ട് നേരത്തേക്ക് 15 പേര്‍ക്ക് മാത്രമാണ് പ്രവേശനം.


Related Articles »