Life In Christ

ചന്ദ്രനിലെ ബൈബിള്‍ വായനയ്ക്കും തിരുവത്താഴ സ്മരണയ്ക്കും അരനൂറ്റാണ്ട്

സ്വന്തം ലേഖകന്‍ 20-07-2019 - Saturday

വാഷിംഗ്‌ടണ്‍ ഡി‌സി: മനുഷ്യന്‍ ചന്ദ്രനെ കീഴടക്കിയതിന് ഇന്നു ജൂലൈ 20-ന് അന്‍പതു വര്‍ഷം തികയുമ്പോള്‍ ക്രൈസ്തവ സമൂഹത്തിനും ഇത് ഇരട്ടിമധുരം. അന്ന് നീല്‍ ആംസ്ട്രോംങ്ങിനൊപ്പം ചന്ദ്രനില്‍ കാലുകുത്തിയ എഡ്വിന്‍ ബസ് ആള്‍ഡ്രിന്‍ നടത്തിയ ബൈബിള്‍ പാരായണവും തിരുവത്താഴ സ്മരണയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഭൂമിക്ക് പുറത്ത് ഒരു മനുഷ്യന്‍ നടത്തിയ ആദ്യത്തെ തിരുവത്താഴത്തിന്റെ ഓര്‍മ്മപുതുക്കല്‍ ആയിരിന്നു അത്. യേശുവില്‍ ആഴമായി വിശ്വസിച്ചിരിന്ന ആള്‍ഡ്രിന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന് ശേഷം ആദ്യം ചെയ്തത് ‘ദൈവത്തിനു നന്ദി പറയുക’യായിരിന്നുവെന്ന്‍ കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസ് പുറത്തിറക്കിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

1969 ജൂലൈ 20-ന് ഈഗിള്‍ എന്ന ലൂണാര്‍ ലാന്‍ഡ്ര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയപ്പോള്‍ പ്ലാസ്റ്റിക് പാക്കറ്റില്‍ കരുതിയിരുന്ന തന്റെ ദൈവാലയത്തില്‍ നിന്നുള്ള ഓസ്തിയും, വീഞ്ഞും ആള്‍ഡ്രിന്‍ നാവില്‍ സ്വീകരിച്ചു. ഇതിനുള്ള പ്രത്യേക അനുമതി അദ്ദേഹത്തിന് സഭയില്‍ നിന്നും ലഭിച്ചിരുന്നു. ഓസ്തിയും, വീഞ്ഞും സ്വീകരിച്ചതിനുശേഷം യോഹന്നാന്റെ സുവിശേഷം പതിനഞ്ചാം അധ്യായം അഞ്ചാം വാക്യം ‘ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്’ എന്നു തുടങ്ങുന്ന വചനവും അദ്ദേഹം വായിച്ചു. അപ്പോളോ ദൗത്യത്തിന് തീയതിയും, സമയവും നിശ്ചയിക്കപ്പെട്ടത് മുതല്‍ താനും തങ്ങളുടെ പ്രിസ്ബൈറ്റേറിയന്‍ ദേവാലയത്തിലെ പാസ്റ്ററായ ഡീന്‍ വുഡ്റഫും മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയതിനെ അടയാളപ്പെടുത്തുവാന്‍ പറ്റിയൊരു അടയാളത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നുവെന്നു ആള്‍ഡ്രിന്‍ സ്മരിക്കുന്നു.

മനുഷ്യന് വേണ്ടിയുള്ള ദൈവത്തിന്റെ നിത്യമായ പദ്ധതിയുടെ ഭാഗമാണ് തങ്ങള്‍ ചെയ്യുന്നതെന്ന്‍ വിശ്വസിക്കുന്ന പലരും നാസയില്‍ ഉണ്ടായിരുന്നുവെന്നും, ചന്ദ്രനില്‍ ആദ്യമായ പകര്‍ന്ന ദ്രാവകം വീഞ്ഞും ആദ്യമായി ഭക്ഷിക്കപ്പെട്ട പദാര്‍ത്ഥം ഓസ്തിയുമാണെന്നത് സന്തോഷമേകുന്ന കാര്യമാണെന്നും ആള്‍ഡ്രിന്‍ പില്‍ക്കാലത്ത് വെളിപ്പെടുത്തിയിരിന്നു. ദൈനംദിന ജീവിതത്തിലെ ചില പൊതുവായ ഘടകങ്ങളിലൂടെ ദൈവം പലപ്പോഴും തന്നെത്തന്നെ വെളിപ്പെടുത്തുന്നുണ്ടെന്ന വുഡ്റഫിന്റെ വാക്കുകളാണ് തനിക്ക് പ്രചോദനമായതെന്നും ഗൈഡ്പോസ്റ്റ്‌ എന്ന ക്രിസ്ത്യന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആള്‍ഡ്രിന്‍ സ്മരിച്ചു.

“അങ്ങയുടെ വിരലുകള്‍ വാര്‍ത്തെടുത്ത വാനിടത്തേയും അവിടുന്ന്‍ സ്ഥാപിച്ച ചന്ദ്രതാരങ്ങളേയും ഞാന്‍ കാണുന്നു” (സങ്കീര്‍ത്തനങ്ങള്‍ 8:3-4) എന്ന ബൈബിള്‍ വാക്യവും വായിച്ചു കൊണ്ടാണ് ആള്‍ഡ്രിന്‍ തന്നില്‍ ഏല്‍പ്പിക്കപ്പെട്ട ചരിത്രദൗത്യം അവസാനിപ്പിച്ചത്. സ്വന്തം കൈപ്പടയില്‍ എഴുതി അദ്ദേഹം ചന്ദ്രനിലേക്ക് കൊണ്ടുപോയ ഇരുവചനങ്ങളുടെ ചിത്രവും ഇപ്പോള്‍ വൈറലാണ്. ഇന്നു ആദ്യ ചാന്ദ്ര ദൌത്യത്തിന് അന്‍പതു വര്‍ഷം തികയുമ്പോള്‍ എണ്‍പത്തിയൊന്‍പതുകാരനായ ആള്‍ഡ്രിന്‍ ചന്ദ്രനില്‍ നടത്തിയ അന്ത്യഅത്താഴ സ്മരണയും ബൈബിള്‍ പാരായണവും ക്രിസ്തീയ സമൂഹത്തിന് അഭിമാനത്തിന്റെ നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.


Related Articles »