News - 2024

സിറിയയില്‍ ക്രിസ്ത്യന്‍ വയോധികയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം കല്ലെറിഞ്ഞു കൊലപ്പെടുത്തി

സ്വന്തം ലേഖകന്‍ 24-07-2019 - Wednesday

ഡമാസ്ക്കസ്: സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിലെ ക്രൈസ്തവ ഗ്രാമമായ അല്‍-യാക്കൂബിയയില്‍ താമസിച്ചിരിന്ന അറുപതു വയസ്സുള്ള ക്രിസ്ത്യന്‍ സ്ത്രീയെ ഇസ്ലാമിക തീവ്രവാദികള്‍ കൂട്ട ബലാത്സംഗം ചെയ്ത ശേഷം കല്ലെറിഞ്ഞു കൊലപ്പെടുത്തി. അര്‍മേനിയന്‍ സ്വദേശിനിയായ സൂസന്‍ ഡെര്‍ കിര്‍കോര്‍ എന്ന സ്ത്രീയാണ് ‘ജാബത് അല്‍-നസ്ര’ ഇസ്ലാമിക സംഘടനയില്‍പ്പെട്ട തീവ്രവാദികളുടെ കൊടുംക്രൂരതക്കിരയായത്. ജൂലൈ 8 തിങ്കളാഴ്ച ഉച്ചക്ക് ശേഷം മുതല്‍ ജൂലൈ 9 പുലര്‍ച്ചെ വരെ തുടര്‍ച്ചയായി മാനഭംഗപ്പെടുത്തിയ ശേഷമാണ് തീവ്രവാദികള്‍ സൂസനെ കല്ലെറിഞ്ഞു കൊന്നതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ജൂലൈ 9നു ഇടവകാംഗങ്ങളാണ് വയോധികയുടെ മൃതദേഹം കണ്ടെത്തുന്നത്.

ഫ്രഞ്ച് ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനയായ ‘എസ്.ഒ.എസ് ക്രീഷ്യന്‍സ് ഡി’ഓറിയന്റ് ആണ് ഇക്കാര്യം പുറംലോകത്തെ അറിയിക്കുന്നത്. പ്രാകൃതമായ ക്രൂരതക്കിരയായി കൊല്ലപ്പെട്ട ഒരു രക്തസാക്ഷി എന്ന നിലയില്‍ അവള്‍ ആയിരകണക്കിന് സഹോദരങ്ങളോടൊപ്പം സ്വര്‍ഗ്ഗത്തില്‍ ചേര്‍ക്കപ്പെട്ടു എന്നു എസ്.ഒ.എസ്’ന്റെ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നു. ‘9 മണിക്കൂറോളം നീണ്ട തുടര്‍ച്ചയായ മര്‍ദ്ദനത്തിനും, ആവര്‍ത്തിച്ചുള്ള ബലാത്സംഗത്തിനും ഇരയായ ശേഷമാണ് സൂസന്‍ കല്ലെറിഞ്ഞ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെന്ന് സന്നദ്ധ സംഘടനയായ ‘ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) വ്യക്തമാക്കി.

സൂസന്‍ ഉള്‍പ്പെടെ വെറും പതിനെട്ട് സ്ത്രീകള്‍ മാത്രമാണ് അല്‍-യാക്കൂബിയയില്‍ ഉണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ തീവ്രവാദികളുടെ ആക്രമണത്തെ ഭയന്ന്‍ ഗ്രാമം വിട്ടുപോയിരുന്നു. തോട്ടക്കാരിയായും അറബി അദ്ധ്യാപകയുമായി ജോലി ചെയ്ത ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്ന സൂസന്‍ ഗ്രാമത്തിലെ ക്രിസ്ത്യന്‍ സമൂഹത്തിന് വേണ്ടി ശക്തമായി നിലകൊള്ളുകയും ഇടവകയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ ഭാഗഭാഗിത്തം വഹിക്കുകയും ചെയ്തിരിന്നു. ഈ സാഹചര്യത്തിലായിരിന്നു ഇസ്ളാമിക തീവ്രവാദികള്‍ ക്രൂരമായ നരഹത്യ നടത്തിയത്.

സിറിയയിലെ ജനങ്ങള്‍ക്ക് വേണ്ടി ഭരണകൂടം നിലകൊള്ളണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് പാപ്പയുടെ കത്ത് സഭാനേതൃത്വം കഴിഞ്ഞ ദിവസം പ്രസിഡന്‍റ് ബാഷര്‍ ആസാദിന് കൈമാറിയിരിന്നു. സിറിയയില്‍ ജനങ്ങള്‍ക്ക് നിയമപരിരക്ഷയും സുരക്ഷയും ഉറപ്പാക്കാത്ത പക്ഷം രണ്ടായിരം വര്‍ഷങ്ങളായി ജീവിച്ചിരുന്ന ഒരു രാഷ്ട്രത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസം തുടച്ചുനീക്കപ്പെടുന്നതിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നാണ് ഐ.സി.സി. മിഡില്‍-ഈസ്റ്റ്‌ റീജിയണല്‍ മാനേജര്‍ ക്ലെയര്‍ ഇവാന്‍സ് മുന്നറിയിപ്പ് നല്‍കി.


Related Articles »