News - 2024

പാക്കിസ്ഥാനി കത്തീഡ്രലിന്റെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ വക 250 മില്യണ്‍

സ്വന്തം ലേഖകന്‍ 31-07-2019 - Wednesday

കറാച്ചി: പാക്കിസ്ഥാനിലെ കത്തോലിക്കരുടെ മുഖമുദ്രയും ഒന്നര നൂറ്റാണ്ടിന്റെ ചരിത്രവും വഹിക്കുന്ന കറാച്ചിയിലെ സെന്റ്‌ പാട്രിക് കത്തീഡ്രലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ധനസഹായം. ദേവാലയ പുനരുദ്ധാരണത്തിന് സിന്ധ് മുഖ്യമന്ത്രി സയ്യിദ് മുറാദ് അലി ഷാ 250 മില്യണ്‍ പാക്കിസ്ഥാന്‍ റുപ്പിയാണ് അനുവദിച്ചിരിക്കുന്നത്. സെന്റ്‌ പാട്രിക് കത്തീഡ്രല്‍ റെക്ടര്‍ ഫാ. മാരിയോ റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി ഇക്കഴിഞ്ഞ ശനിയാഴ്ച മുഖ്യമന്ത്രിയുടെ വസതിയില്‍വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് തുക അനുവദിക്കുവാനുള്ള ധാരണയായത്. ഫണ്ടിന്റെ ആദ്യ ഗഡു ഉടന്‍ അനുവദിക്കാമെന്ന്‍ ഉറപ്പ് നല്‍കിയ മുഖ്യമന്ത്രി അറ്റകുറ്റപ്പണികള്‍ ആരംഭിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ 5 കോടി അനുവദിക്കാമെന്നും ബാക്കി തുക 3 വര്‍ഷങ്ങള്‍ക്കുള്ളില്‍ ലഭ്യമാക്കുമെന്നുമാണ് മുറാദ് അലി പറഞ്ഞത്. സര്‍ക്കാര്‍ ഗസറ്റില്‍ ദേവാലയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ടെന്നും, ദേവാലയം ഏറെ കലാപരമായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നുമുള്ള ഗസറ്റ് വിവരണം മുഖ്യമന്ത്രി വായിച്ചു. പാക്കിസ്ഥാന്റെ, പ്രത്യേകിച്ച് സിന്ധ് മേഖലയുടെ പുരോഗതിക്ക് ക്രിസ്ത്യന്‍ സമൂഹം ചെയ്യുന്ന സേവനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. വിദ്യാഭ്യാസ രംഗത്ത് ക്രിസ്ത്യന്‍ സമൂഹം ചെയ്യുന്ന സേവനങ്ങള്‍ ശ്ലാഘനീയമാണെന്നും, താനും സെന്റ്‌ പാട്രിക് സ്കൂളിലാണ് പഠിച്ചതെന്നും മുഖ്യമന്ത്രി സ്മരിച്ചു.

ദേവാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുവാന്‍ ക്രിസ്ത്യന്‍ സമൂഹം തയ്യാറാണെന്ന് മുഖ്യമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി കൊണ്ട് ഫാ. റോഡ്രിഗസ് പറഞ്ഞു. സിന്ധ് പ്രവിശ്യയിലെ ഏറ്റവും ആദ്യത്തെ പള്ളിയാണ് സെന്റ്‌ പാട്രിക് ദേവാലയം. സെന്റ്‌ പാട്രിക് കത്തീഡ്രലിന്റെ ഉള്‍വശം ഗ്ലാസ്സ്, കല്ല്‌, മരം എന്നിവ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അള്‍ത്താരയും പരിസരവും എണ്ണച്ഛായം കൊണ്ട് മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. ഒരേസമയം ഏതാണ്ട് ആയിരത്തിഅഞ്ഞൂറോളം വിശ്വാസികളെ ഉള്‍കൊള്ളുവാന്‍ കഴിയുന്ന ഗോത്തിക്ക് റിവൈവല്‍ വാസ്തുശൈലിയില്‍ പണികഴിപ്പിച്ചിരിക്കുന്ന ഈ ദേവാലയം 1845-ലാണ് നിര്‍മ്മിക്കപ്പെട്ടത്.


Related Articles »