News - 2024

ആശുപത്രികള്‍ അടച്ചുപൂട്ടിയതിനെ ന്യായീകരിക്കാന്‍ എറിത്രിയന്‍ സഭക്കെതിരെ വ്യാജ പ്രചാരണം

സ്വന്തം ലേഖകന്‍ 05-08-2019 - Monday

അസ്മാര: ക്രിസ്ത്യന്‍ ആശുപത്രികള്‍ അടച്ചുപൂട്ടിയതിനെ ന്യായീകരിക്കാന്‍ എറിത്രിയന്‍ സഭക്കെതിരെ വീണ്ടും വ്യാപക വ്യാജ പ്രചാരണം. കത്തോലിക്കര്‍ക്ക് വേണ്ടി മാത്രമുള്ള സാമൂഹ്യസേവനങ്ങളാണ് സഭ നടത്തിയിരുന്നതെന്നു ചിലര്‍ ഏതാനും ദിവസങ്ങളായി പ്രചരിപ്പിക്കുകയായിരിന്നു. എന്നാല്‍ എറിത്രിയന്‍ പ്രസിഡന്റ് ഇസയാസ് അഫ്വെര്‍ക്കിയുടെ നേതൃത്വത്തിലുള്ള എറിത്രിയയിലെ ഏകാധിപത്യ ഭരണകൂടം അന്യായമായി പിടിച്ചെടുത്ത് അടച്ചുപൂട്ടിയ ക്രിസ്ത്യന്‍ ആശുപത്രികള്‍ മതമോ, വംശമോ, നിറമോ, സംസ്കാരമോ നോക്കാതെ സാധാരണക്കാരായ ജനങ്ങളെ ശുശ്രൂഷിച്ചിരുന്ന ആശുപത്രികളായിരുന്നുവെന്ന് എറിത്രിയന്‍ സഭ വ്യക്തമാക്കി.

സഭക്കെതിരായി തെറ്റിദ്ധാരണപരത്തുംവിധമുള്ള ചില പരാമര്‍ശങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് എറിത്രിയന്‍ കത്തോലിക്ക സെക്രട്ടറിയേറ്റ് സെക്രട്ടറി ജെനറല്‍ അബ്ബാ തെസ്ഫാഘിയോര്‍ഘിസ് കിഫ്ലോം ഇക്കാര്യം ആവര്‍ത്തിച്ചത് വ്യക്തമാക്കിയത്. കഴിഞ്ഞ കുറെ ആഴ്ചകളായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പുറത്തുവന്ന ചില വ്യാജ പരാമര്‍ശങ്ങളും, പ്രസ്താവനകളും സഭയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, ആതുരശുശ്രൂഷ രംഗത്തെ തങ്ങളുടെ സേവനപ്രവര്‍ത്തനങ്ങളെല്ലാം തന്നെ രാജ്യത്തിന്റേയും, സഭയുടേയും നിയമങ്ങള്‍ക്കനുസൃതമായിരുന്നുവെന്നും വത്തിക്കാന്‍ ന്യൂസിന് നല്‍കിയ പ്രസ്താവനയിലൂടെ സെക്രട്ടറി ജനറല്‍ വ്യക്തമാക്കി. അടിയന്തിര ഘട്ടങ്ങളില്‍ സാധാരണക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു സഭയുടെ സേവനങ്ങളെന്നും അദ്ദേഹം വെളിപ്പെടുത്തി.

കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി സഭ ലോകത്തിന്റെ മുക്കിലും മൂലയിലും വരെ ഇത്തരം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ദേവാലയങ്ങളിലും, ചാപ്പലുകളിലും മാത്രം ഒതുങ്ങുന്നതല്ല സഭയുടെ ആരാധന. അയല്‍ക്കാരനെ സ്നേഹിക്കുക എന്നതടക്കമുള്ള ക്രൈസ്തവ വിശ്വാസപ്രമാണങ്ങളുടെ പ്രകടനത്തിനാവശ്യമായ സൗകര്യം സഭക്ക് വേണമെന്നും അബ്ബാ കിഫ്ലോം പറഞ്ഞു. സഭയുടെ സാമ്പത്തിക ഇടപാടുകളെല്ലാം സുതാര്യമായിരുന്നുവെന്നും, സഭക്ക് ലഭിച്ചിരുന്ന സഹായങ്ങളെല്ലാം തന്നെ ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരികള്‍ക്ക് ബോധ്യപ്പെട്ട് അംഗീകരിച്ചിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണഘടനയോ, പ്രസിഡന്റ് തിരഞ്ഞെടുപ്പോ ഇല്ലാത്ത എറിത്രിയയില്‍ ഭരണപരിഷ്കാരങ്ങള്‍ക്കായി വാദിക്കുന്നവരോട് സഭ കൈകൊണ്ട അനുഭാവപൂര്‍ണ്ണമായ സമീപനമാണ് സര്‍ക്കാരിനെ ക്രിസ്തീയ ആശുപത്രികള്‍ അടച്ചുപ്പൂട്ടുന്ന നടപടിയിലേക്ക് നയിച്ചത്. ജൂലൈ അഞ്ചിനാണ് കത്തോലിക്ക സഭയുടെ കീഴിലുള്ള അവസാന ആശുപത്രിക്കും സര്‍ക്കാര്‍ പൂട്ടിട്ടത്. ഇതിനെതിരെ പ്രാദേശിക നിവാസികള്‍ക്ക് ഇടയില്‍ തന്നെ പ്രതിഷേധം വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് സഭക്കെതിരെ വ്യാജ പ്രചരണങ്ങള്‍ ആരംഭിച്ചത് എന്നതു ശ്രദ്ധേയമാണ്.


Related Articles »