Arts - 2024

ഫിലിസ്‌ത്യരുടെ ഉത്ഭവം: ബൈബിൾ വിവരണങ്ങൾ സ്ഥിരീകരിച്ച് ഗവേഷകസംഘം

സ്വന്തം ലേഖകന്‍ 06-08-2019 - Tuesday

ബാവരിയ: ഫിലിസ്‌ത്യരുടെ ഉത്ഭവത്തെക്കുറിച്ചുള്ള ബൈബിൾ വിവരണങ്ങൾ പുരാവസ്തു ഗവേഷണഫലമായും ജനതിക ശാസ്ത്ര തെളിവുകളുടെ അടിസ്ഥാനത്തിലും സത്യമാണെന്ന് സ്ഥിരീകരണം. ഫിലിസ്‌ത്യർ ആരാണെന്നും എവിടുന്നാണ് അവർ വന്നതെന്നും അറിയാനായി 1997 മുതൽ 2016 വരെ ഇസ്രായേലിലെ അഷ്കെലോണിൽ ബിസി ആറാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയിൽ പഴക്കമുളള നൂറുകണക്കിന് മനുഷ്യാവശിഷ്ടങ്ങളിൽ പഠനം നടത്തിയിരുന്നു. ഇതില്‍ നിന്നു ലഭിച്ച പുതിയ പഠനഫലം ഫിലിസ്‌ത്യർ ആരാണെന്നും, അവർ എവിടെനിന്നാണ് വന്നതെന്നുമുളള ബൈബിൾ വിവരണങ്ങളെ സാധൂകരിക്കുകയാണ്.

ആമോസിന്റെ പുസ്തകം ഒന്‍പതാം അദ്ധ്യായത്തിൽ ഈജിപ്തിൽ നിന്നും ഇസ്രായേൽക്കാരെ മോചിപ്പിച്ചതു പോലെ ഫിലിസ്‌ത്യരെ കഫ്‌ത്തോറില്‍ നിന്നും ദൈവം രക്ഷിച്ച സംഭവത്തെ പരാമർശിക്കുന്നുണ്ട്. കഫ്‌ത്തോറില്‍നിന്നു വന്ന കഫ്‌ത്തോര്യര്‍ അവരെ നശിപ്പിക്കുകയും അവിടെ താമസമുറപ്പിക്കുകയും ചെയ്‌തുവെന്ന് നിയമാവര്‍ത്തനം രണ്ടാം അധ്യായത്തിലും സൂചിപ്പിക്കുന്നുണ്ട്. ഇതില്‍ കഫ്‌ത്തോർ എവിടെയായിരുന്നുവെന്ന ചോദ്യം പുരാവസ്തു ഗവേഷകര്‍ക്ക് മുന്‍പില്‍ ഉയരുകയായിരിന്നു. കഫ്‌ത്തോർ എന്നത് പണ്ടത്തെ ക്രീറ്റ് നാഗരികതയാണെന്ന് പുരാവസ്തു ശാസ്ത്രജ്ഞര്‍ ആവര്‍ത്തിക്കുന്നു.

ആദ്യം മുതലേ അവിടെ ജീവിച്ചിരുന്ന നിവാസികൾക്ക് പകരമായാണ് ഫിലിസ്‌ത്യർ അവിടെ വാസമുറപ്പിച്ചതെന്നും, അവർ കടൽ വഴിയാണ് വന്നതെന്നും വിശുദ്ധ ഗ്രന്ഥം സൂചന നല്‍കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ശാസ്ത്ര പുരാവസ്തു ഗവേഷകരും സാക്ഷ്യപ്പെടുത്തുകയാണ്. പഠനങ്ങളുടെ വെളിച്ചത്തിൽ ബിസി പന്ത്രണ്ടാം നൂറ്റാണ്ടിൽ ഫിലിസ്‌ത്യർ അഷ്കെലോണിലേക്ക് കുടിയേറിയതാണെന്ന് മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ മൈക്കിൾ ഫെൽഡ്മാനും, ഗവേഷണത്തിന് നേതൃത്വം നൽകിയ ഡാനിയൽ മാസ്റ്ററും സ്ഥിരീകരിക്കുന്നു. ചുരുക്കത്തില്‍ ബൈബിളിലെ ഫിലിസ്ത്യന്‍ ഉത്ഭവം സാധൂകരിക്കുന്നതാണ് പുതിയ കണ്ടെത്തല്‍.


Related Articles »