News - 2024

ഈജിപ്തില്‍ 88 ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് കൂടി അംഗീകാരം

സ്വന്തം ലേഖകന്‍ 07-08-2019 - Wednesday

കെയ്റോ: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ മുന്‍പ് അനുമതിയില്ലാതെ നിര്‍മ്മിക്കപ്പെട്ട ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കുവാനുള്ള നടപടികള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 88 കോപ്റ്റിക് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കിയെന്ന് പൊന്തിഫിക്കല്‍ വാര്‍ത്ത വിഭാഗമായ ഏജന്‍സിയ ഫിദെസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ 1109 ദേവാലയങ്ങള്‍ക്കും അവയുമായി ബന്ധപ്പെട്ട അനുബന്ധ കെട്ടിടങ്ങള്‍ക്കും അഡ്ഹോക്ക് കമ്മിറ്റി നിയമപരമായ അനുമതി നല്‍കിയിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും പുതിയ നിയമം നിലവില്‍ വരുന്നതിനു മുന്‍പ് നിര്‍മ്മിക്കപ്പെട്ടവയാണ്.

2016 ഓഗസ്റ്റ് 30-നാണ് ഈജിപ്ത് പാര്‍ലമെന്റ് ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെ നിര്‍മ്മാണവും പരിപാലനവുമായി ബന്ധപ്പെട്ട നിയമം പാസാക്കിയത്. 1934-ലെ ഓട്ടോമന്‍ നിയമസംഹിതക്കൊപ്പം ചേര്‍ക്കപ്പെട്ട പത്തു നിയമങ്ങള്‍ അനുസരിച്ച് ഈജിപ്തില്‍ ക്രിസ്ത്യന്‍ ദേവാലയ നിര്‍മ്മാണം വളരെയേറെ സങ്കീര്‍ണ്ണമായൊരു പ്രക്രിയയായിരുന്നു. സ്കൂളുകള്‍ക്കും, കനാലുകള്‍ക്കും, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും, റെയില്‍വേക്കും, പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും സമീപം ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് വിലക്കും, പുതിയ ദേവാലയ നിര്‍മ്മാണത്തിന് പ്രസിഡന്റിന്റെ ഉത്തരവും ആവശ്യമായിരുന്നു. തങ്ങളുടെ ആരാധനാസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന 1934-ലെ നിയമങ്ങള്‍ അവഗണിക്കുകയല്ലാതെ വേറെ വഴിയില്ലാതിരുന്ന ക്രൈസ്തവര്‍ സര്‍ക്കാര്‍ അംഗീകാരമില്ലാതെ ദേവാലയങ്ങള്‍ നിര്‍മ്മിക്കുകയും രഹസ്യമായി ആരാധനകള്‍ നടത്തിവരികയുമായിരുന്നു.

ഇതേതുടര്‍ന്നു നിയമപരമല്ലാത്തെ ഇത്തരം ദേവാലയങ്ങളുടെ പേരില്‍ മതമൗലീക വാദികളായ മുസ്ലീങ്ങള്‍ ക്രൈസ്തവരുടെ മേല്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതും പതിവായി. ഈ സാഹചര്യത്തിലാണ് ക്രിസ്ത്യാനികള്‍ക്ക് കൂടുതല്‍ ആരാധനാസ്വാതന്ത്ര്യം അനുവദിക്കത്തക്ക രീതിയില്‍ 1934-ലെ നിയമം ഭേദഗതി ചെയ്യുവാന്‍ ഈജിപ്ത് പാര്‍ലമെന്റ് നിര്‍ബന്ധിതരായത്. ഈജിപ്തിലെ മൊത്തം ജനസംഖ്യയുടെ പത്തു ശതമാനം (9.5 കോടി) വരുന്ന ക്രൈസ്തവരില്‍ ഭൂരിഭാഗവും കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളാണ്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഭയത്തോടും ആശങ്കയോടും കൂടി ആരാധന നടത്തിയിരുന്ന ഈജിപ്തിലെ ക്രിസ്ത്യാനികള്‍ക്ക് വിശ്വാസ സ്വാതന്ത്ര്യം ലഭിക്കുകയാണ്.


Related Articles »