News - 2025

ആറ്റം ബോംബിനെ അതിജീവിച്ച കുരിശ് വീണ്ടും ജപ്പാനിലേക്ക്

സ്വന്തം ലേഖകന്‍ 08-08-2019 - Thursday

ഒഹിയോ/നാഗസാക്കി: രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനില്‍ അമേരിക്ക നടത്തിയ ആറ്റംബോംബാക്രമണത്തെ അത്ഭുതകരമായി അതിജീവിച്ച മരക്കുരിശ് ഒഹിയോയിലെ വില്‍മിംഗ്ടണ്‍ കോളേജ് നാഗസാക്കിയിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലിന് തിരിച്ചു നല്‍കി. 1945 ഓഗസ്റ്റ് 9-ലെ ബോംബാക്രമണത്തില്‍ തകര്‍ന്ന ദേവാലയ ഭാഗങ്ങളില്‍ നിന്നുമാണ് മരക്കുരിശ് ലഭിച്ചത്. ഇന്നലെ വില്‍മിംഗ്ടണ്‍ കോളേജിന്റെ പീസ്‌ റിസോഴ്സ് സെന്റര്‍ ഡയറക്ടറായ ഡോ. ടാന്യാ മോസ് കുരിശ് ജപ്പാന്‍ സഭാനേതൃത്വത്തിന് കൈമാറി. രണ്ടാം ലോകമഹായുദ്ധത്തിന്റെ അപൂര്‍വ്വ അവശേഷിപ്പുകളില്‍ ഒന്നായ ഈ കുരിശ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലില്‍ പൊതു പ്രദര്‍ശനത്തിനു വെക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി.

സമാധാനത്തിന്റേയും അനുരജ്ഞനത്തിന്റെയും പ്രകടനമെന്ന നിലയില്‍ അന്താരാഷ്ട്ര സഹാര്‍ദ്ദപരമായ നടപടിയെന്ന നിലയിലാണ് കുരിശ് തിരിച്ചു നല്‍കുന്നതെന്ന് ഡോ. ടാന്യാ പറഞ്ഞു. കത്തീഡ്രലില്‍ നിന്നും ഏതാനും സാധനങ്ങള്‍ മാത്രമേ വീണ്ടെടുക്കുവാന്‍ കഴിഞ്ഞുള്ളുവെന്നും, അവിടുത്തെ വിശ്വാസികളുമായി അഗാധമായി അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഈ കുരിശ് തിരികെ നല്‍കേണ്ടത് അനിവാര്യമായിരിന്നുവെന്നും ഇത്തരം നല്ല പ്രവര്‍ത്തികളാണ് സമാധാനപരമായ ഒരു ലോകം വാര്‍ത്തെടുക്കുവാന്‍ വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

1895-നും 1952-നും ഇടക്ക് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രല്‍. ഏതാണ്ട് രണ്ടായിരം അടി ഉയരത്തില്‍ നിന്നും പതിച്ച ബോംബ്‌ ഈ ദേവാലയത്തെ പൂര്‍ണ്ണമായി ഇല്ലാതാക്കി. യുദ്ധക്കാലത്ത് നാഗസാക്കിയില്‍ നിലയുറപ്പിച്ചിരുന്ന വാള്‍ട്ടര്‍ ഹുക്ക് എന്ന കത്തോലിക്കാ വിശ്വാസിയായ യുഎസ് സൈനികനാണ് ദേവാലയത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നും ഈ കുരിശ് കണ്ടെത്തുന്നത്. അദ്ദേഹം അത് തന്റെ അമ്മക്ക് അയച്ചു കൊടുത്തു. 1982-ല്‍ ഇത് ഹിരോഷിമയിലേയും, നാഗസാക്കിയിലേയും ബോംബിടലുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ശേഖരിക്കുന്ന പീസ്‌ റിസോഴ്സ് സെന്ററിന് ഹുക്ക് സംഭാവനയായി നല്‍കുകയായിരിന്നു. 1959-ല്‍ പുനര്‍നിര്‍മ്മിച്ച ദേവാലയത്തിലാണ് ഇനി ഈ അതിജീവനത്തിന്റെ കുരിശ് ഉണ്ടാകുക.


Related Articles »