News - 2024

പാക്കിസ്ഥാനിലെ നിർബന്ധിത മതപരിവർത്തനത്തിനെതിരെ ക്രൈസ്തവ സംഘടന രംഗത്ത്

സ്വന്തം ലേഖകന്‍ 09-08-2019 - Friday

കറാച്ചി: പാക്കിസ്ഥാനിൽ ക്രൈസ്തവ വിശ്വാസികളായ യുവതികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കെതിരെ ശക്തമായി സ്വരമുയര്‍ത്തി കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ്. രാജ്യത്തു ഓരോ വർഷവും ആയിരക്കണക്കിന് യുവതികളെയാണ് തട്ടിക്കൊണ്ടുപോയി മതപരിവർത്തനത്തിന് വിധേയരാക്കുന്നതെന്ന് തബസം യൂസഫ് എന്ന കത്തോലിക്കാ അഭിഭാഷകൻ പറഞ്ഞു. വിഷയത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ കൊണ്ടുവരാനായി എയിഡ് ടു ദി ചർച്ച് ഇൻ നീഡ് കറാച്ചിയിൽ പത്രസമ്മേളനം നടത്തി. കറാച്ചി ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോസഫ് കൌട്ട്സും മറ്റനവധി മുസ്ലിം മത നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു.

14 വയസ്സുള്ള ഒരു ക്രൈസ്തവ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തി വിവാഹം ചെയ്ത സംഭവം കഴിഞ്ഞ മാസാവസാനമാണ് നടന്നത്. പാശ്ചാത്യ രാജ്യങ്ങളും, അന്താരാഷ്ട്ര മാധ്യമങ്ങളും ശ്രമിച്ചാൽ പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാമെന്ന് യൂസഫ് പറഞ്ഞു. ക്രൈസ്തവ യുവതികള്‍ക്ക് സമാനമായി ഹൈന്ദവ യുവതികളും നിര്‍ബന്ധിത മതപരിവർത്തനത്തിന് വിധേയരാകുന്നുണ്ട്.

ഇപ്പോൾ പാക്കിസ്ഥാനിൽ പെൺകുട്ടികളുടെ വിവാഹ പ്രായം പതിനാറാണ്. ഇത് പതിനെട്ടിലേക്ക് ഉയർത്താൻ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് ആവശ്യപ്പെടുന്നുണ്ട്. തട്ടിക്കൊണ്ട് പോകലിനെതിരെയും നിർബന്ധിത മതപരിവർത്തനത്തിനെതിരെയും ന്യൂനപക്ഷങ്ങൾക്ക് നിയമ പരിരക്ഷ വേണമെന്നും സംഘടന ആവശ്യപ്പെടുന്നു. നാളെയാണ് രാജ്യത്തു ദേശീയ ന്യൂനപക്ഷ ദിനമായി ആചരിക്കുന്നത്. ഇതിനു മുന്‍പ് ഇത്തരത്തില്‍ പത്ര സമ്മേളനം വിളിച്ചുചേര്‍ത്തതിന് ഏറെ പ്രസക്തിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.


Related Articles »