India - 2025
ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി ദുരന്തമുഖത്ത് സജീവമായി മാനന്തവാടി രൂപത
സ്വന്തം ലേഖകന്‍ 10-08-2019 - Saturday
കല്‍പ്പറ്റ: ഉരുള്‍പ്പൊട്ടലും മഴക്കെടുതിയും ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന വയനാട് ജില്ലയിലെ ദുരന്തമുഖത്ത് സജീവമായി മാനന്തവാടി രൂപത. രൂപതയിലെ സ്ഥാപനങ്ങള്‍, ഇടവകകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുറന്നു നല്‍കാന്‍ വികാരി ജനറാള്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഡബ്ല്യുഎസ്‌എസിന്റെ പ്രതിനിധികള്‍ ദുരിതാശ്വാസ ക്യാമ്പുകളും ദുരിതബാധിത പ്രദേശങ്ങളും സന്ദര്‍ശിച്ച് ആവശ്യമുള്ള സ്ഥലങ്ങളില്‍ ഭക്ഷണ ക്രമീകരണം നടത്തുന്നുണ്ട്.
യുവജന പ്രസ്ഥാനമായ കെസിവൈഎം, മിഷന്‍ ലീഗ്, കത്തോലിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്നദ്ധ സംഘങ്ങള്‍ രൂപീകരിച്ച് ദുരിതനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുന്നുണ്ട്. ജാതി മതഭേദമന്യേ ഇടവക പരിധിയില്‍ വിവിധ ഇടവകകള്‍ സഹായമെത്തിക്കുന്നുമുണ്ട്. അതേസമയം ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ നാളെ രൂപതയ്ക്കു കീഴിലെ എല്ലാ ഇടവകകളിലെയും മതബോധന ക്ലാസുകളും വിവിധ സംഘടനകളുടെ പരിപാടികളും റദ്ദാക്കിയതായി രൂപത വൃത്തങ്ങള്‍ വ്യക്തമാക്കി.
