India - 2024

മലബാര്‍ മേഖലയ്ക്ക് പ്രതീക്ഷയുടെ കരമേകാന്‍ ചങ്ങനാശേരി അതിരൂപത

15-08-2019 - Thursday

ചങ്ങനാശേരി: പ്രളയത്തിലും ഉരുള്‍പൊട്ടലിലും ദുരന്തത്തില്‍പെട്ട മലബാര്‍ മേഖലയ്ക്ക് പിന്തുണയും സഹായവുമായി ചങ്ങനാശേരി അതിരൂപത. മലബാര്‍ മേഖലയിലെ നാനാജാതി മതസ്ഥര്‍ക്കായുള്ള ഭവനനിര്‍മ്മാണ-പുനരധിവാസ പദ്ധതികളില്‍ സാധ്യമായ വിധത്തില്‍ സഹകരിക്കുവാന്‍ അതിരൂപതാ കേന്ദ്രത്തില്‍ കൂടിയ യോഗം തീരുമാനിച്ചു. ചങ്ങനാശേരി അതിരൂപതയില്‍ നിന്നുള്ള അടിയന്തിര സഹായം എന്ന നിലയില്‍ യുവജന പ്രസ്ഥാനമായ യുവദീപ്തി എസ്.എം.വൈ.എം.ന്റെയും സാമൂഹികക്ഷേമ വിഭാഗമായ ചാസ്സിന്റെയും, ചാരിറ്റി വേള്‍ഡിന്റെയും ആഭിമുഖ്യത്തില്‍ മലബാര്‍ മേഖലയിലേയ്ക്ക് അത്യാവശ്യ നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

അതിരൂപതയിലെ വിവിധ ഫൊറോനാവികാരിമാരുടെ മേല്‍നോട്ടത്തില്‍ കുടുംബക്കൂട്ടായ്മാ ഭാരവാഹികളുടെയും സംഘടനാപ്രതിനിധികളുടെയും ആഭിമുഖ്യത്തില്‍ മലബാര്‍ മേഖലയെ തുടര്‍ന്ന് സഹായിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. 2018 ലെ മഹാപ്രളയകാലത്ത് കുട്ടനാടിന് സഹായഹസ്തമായ മലബാറിലെ ജനതയുടെ നല്ലമനസിനെ മറക്കരുതെന്നും അവര്‍ പ്രതിസന്ധിയിലായിരിക്കുന്ന ഈ സാഹചര്യത്തില്‍ സാധ്യമായ എല്ലാ സഹായസഹകരണവും പ്രാര്‍ത്ഥനയും നല്കി അവര്‍ക്കൊപ്പമായിരിക്കണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം ആഹ്വാനം ചെയ്തു.

അതിരൂപതാ കേന്ദ്രത്തില്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, വികാരി ജനറല്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, റവ. ഫാ. ചെറിയാന്‍ കാരിക്കൊമ്പില്‍, ഫാ. ജോസഫ് കളരിക്കല്‍, ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ഫാ. ആന്റണി തലച്ചെല്ലൂര്‍, അഡ്വ. ജോജി ചിറയില്‍, ഫാ. റ്റെജി പുതുവീട്ടില്‍കളം എന്നിവര്‍ പങ്കെടുത്തു.


Related Articles »