India - 2025

25ന് പ്രാര്‍ത്ഥനാ ദിനം; ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസത്തിനു സഹകരിക്കണമെന്ന് കെസിബിസി

സ്വന്തം ലേഖകന്‍ 17-08-2019 - Saturday

കൊച്ചി: കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്തമഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മൂലം ദുരിതം അനുഭവിക്കുന്നവരുടെ ആശ്വാസത്തിനും പുനരധിവാസത്തിനുമായി ഏവരും സഹകരിക്കണമെന്ന് കെസിബിസി ആഹ്വാനം ചെയ്തു. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ 25ന് പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുമെന്നും ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ ദൈവസന്നിധിയില്‍ ഓര്‍ത്ത് പ്രാര്‍ത്ഥിക്കണമെന്നും കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ഓര്‍മിപ്പിച്ചു.

ദുരിത മേഖലയില്‍ കത്തോലിക്കാസഭയുടെ സാമൂഹ്യക്ഷേമവിഭാഗം സജീവമായിരുന്നു. കെസിബിസി സാമൂഹ്യക്ഷേമവിഭാഗം ചെയര്‍മാന്‍ ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസും ദുരിതമേഖലയിലെ സഭാപിതാക്കന്‍മാരും കേരള സോഷ്യല്‍ സര്‍വീസ് ഫോറവും ബത്തേരി, കണ്ണൂര്‍, കോഴിക്കോട്, മാനന്തവാടി, പാലക്കാട്, തലശേരി, താമരശേരി തുടങ്ങിയ സോഷ്യല്‍ സര്‍വീസ് സെസൈറ്റികളുടെ ഭാരവാഹികളും അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കെസിബിസി അടിയന്തരസഹായമായി 10 ലക്ഷം രൂപ അനുവദിച്ചു. കെസിബിസിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്കാന്‍ എല്ലാ ഇടവകകളെയും രൂപതകളെയും സ്ഥാപനങ്ങളെയും സന്ന്യാസസമൂഹങ്ങളെയും ആഹ്വാനം ചെയ്യുന്നു.

കേരള സര്‍ക്കാരിന്റെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയും പോലീസും സൈന്യവും ഒപ്പം മുന്‍വര്‍ഷത്തേതുപോലെ നാടിന്റെ നന്‍മ വിളിച്ചറിയിച്ചുകൊണ്ട് ധാരാളം സന്നദ്ധപ്രവര്‍ത്തകരും ദുരിതബാധിതരുടെ സഹായത്തിനെത്തി. ദുരിതമേഖലയിലെ നമ്മുടെ ഇടവകകളും സ്ഥാപനങ്ങളും സന്ന്യാസഭവനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമായി രംഗത്തുണ്ടായി. മത്സ്യത്തൊഴിലാളികളും യുവജനങ്ങളും വൈദികരും സന്ന്യസ്തരും ആരോഗ്യ പ്രവര്‍ത്തകരുമെല്ലാം സര്‍ക്കാര്‍ സംവിധാനങ്ങളോടു കൈകോര്‍ത്തു.

ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളും സഹായഹസ്തങ്ങള്‍ നീട്ടിയത് ദുരിതബാധിതര്‍ക്ക് കുറെയെങ്കിലും ആശ്വാസം പകരുന്നതാണ്. പ്രാര്‍ത്ഥനാദിനമായ ഇരുപത്തിയഞ്ചാം തീയതി കാണിക്കയും സമാഹരിക്കാന്‍ കഴിയുന്ന മറ്റു സംഭാവനകളും 31നകം കെസിബിസിയുടെ അക്കൗണ്ടില്‍ (Kerala Catholic Bishosp’ Council; A/c No.04230 53000005221; IFSC: SIBL0000423; South Indian Bank Ltd., Vennala Branch) നിക്ഷേപിച്ച് വിവരം കെസിബിസി സെക്രട്ടറിയേറ്റില്‍ (പിഒസി) അറിയിക്കണമെന്നും സര്‍ക്കുലര്‍ ആവശ്യപ്പെട്ടു.


Related Articles »