News - 2024

അമേരിക്കയെയും യൂറോപ്പിനെയും സുവിശേഷവത്കരിക്കാൻ ആഫ്രിക്കൻ ഏഷ്യൻ മിഷ്ണറിമാർ

സ്വന്തം ലേഖകന്‍ 18-08-2019 - Sunday

കാലിഫോര്‍ണിയ: അമേരിക്കയെയും യൂറോപ്പിനെയും വീണ്ടും സുവിശേഷവത്കരിക്കാൻ ആഫ്രിക്കൻ ഏഷ്യൻ മിഷ്ണറിമാരുടെ ഇടപെടല്‍. മുന്‍പ് പാശ്ചാത്യലോകത്തു നിന്ന് നിരവധി ആളുകൾ സുവിശേഷം പ്രസംഗിക്കുന്നതിനായും, ദേവാലയങ്ങൾ പണിയുന്നതിനായും ക്രൈസ്തവ സമൂഹങ്ങൾ രൂപീകരിക്കുന്നതിനായും ഏഷ്യയിലും ആഫ്രിക്കയിലും ദക്ഷിണ അമേരിക്കയിലും എത്തിച്ചേരുമായിരുന്നു. എന്നാല്‍ ഇന്നു സ്ഥിതി നേരെ തിരിച്ചാണെന്ന് ക്രിസ്ത്യന്‍ പോസ്റ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാകുന്നു. ടിം കെല്ലറെഴുതിയ "ദി റീസൺ ഫോർ ഹോപ്പ്" എന്ന പുസ്തകത്തില്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

ക്രിസ്തുവിനുശേഷം ഏതാനും നൂറ്റാണ്ടുകൾക്കുള്ളിൽ ഏഷ്യയിലേക്കും ഉത്തര ആഫ്രിക്കയിലേക്കും ഉത്തര യൂറോപ്പിലേക്കും ക്രൈസ്തവ വിശ്വാസം വ്യാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ നൂറു വർഷങ്ങൾക്കുള്ളിൽ നടത്തിയ മിഷ്ണറി പ്രവർത്തനങ്ങൾ കാര്യങ്ങൾ മാറ്റിമറിച്ചു. പ്യൂ റിസർച്ച് റിപ്പോർട്ട് പ്രകാരം 40 വർഷങ്ങൾക്കുള്ളിൽ ആഫ്രിക്ക ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂഖണ്ഡമായി മാറും. ക്രൈസ്തവ മിഷ്ണറിമാരുടെ പ്രവർത്തനങ്ങൾ ഇപ്പോൾ നേരെ തിരിച്ചായി. പ്യൂ റിസർച്ച് റിപ്പോർട്ട് പ്രകാരം നൂറു വർഷങ്ങൾക്കു മുമ്പ് ലോകത്തിലെ ക്രൈസ്തവരിൽ 90% ആളുകളും അമേരിക്കയിലും യൂറോപ്പിലുമായാണ് ജീവിക്കുന്നതെന്ന്‍ കണ്ടെത്തിയിരിന്നു.

എന്നാൽ ഇന്നിപ്പോൾ ക്രൈസ്തവരിൽ മൂന്നിലൊരാൾ ആഫ്രിക്കക്കാരനാണ്. ഇതുകൂടാതെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും പല ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളും സുവിശേഷവത്ക്കരണത്തിന് മിഷ്ണറിമാരെ അയക്കുകയാണ്. 2010നും 2015നും ഇടയ്ക്ക് ആഫ്രിക്കൻ മിഷ്ണറിമാരുടെ എണ്ണം 32 ശതമാനം വർദ്ധിച്ച് 27,000 ആയി മാറിയെന്നാണ് ദി ഇക്കണോമിസ്റ്റ് മാസിക സൂചിപ്പിക്കുന്നത്. അതേ കാലയളവിൽ കൊറിയൻ മിഷ്ണറിമാരുടെ എണ്ണം 50 ശതമാനം വർധിച്ച് 30,000 ആയി മാറിയെന്നും കണ്ടെത്തലുണ്ട്.


Related Articles »