India - 2024

"അവര്‍ ഞങ്ങളെ സഹായിക്കാന്‍ എത്തിയ ദൈവദൂതർ": നിലമ്പൂര്‍ എംഎല്‍എയുടെ പോസ്റ്റ് ചര്‍ച്ചയാകുന്നു

സ്വന്തം ലേഖകന്‍ 19-08-2019 - Monday

നിലമ്പൂര്‍: കവളപ്പാറ സന്ദർശനത്തിനിടെ മെത്രാന്മാര്‍ക്കൊപ്പം ഒരു പുരോഹിതൻ എടുത്ത ചിത്രത്തെ സംബന്ധിച്ചുള്ള പരിഹാസം നവമാധ്യമങ്ങളില്‍ ഉയരുമ്പോള്‍ നിലമ്പൂര്‍ എംഎല്‍എ പി‌വി അന്‍വര്‍ എഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു. നിലമ്പൂരിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം, ആശ്വസിപ്പിക്കാനും സഹായിക്കാനും എത്തിയ ദൈവദൂതർ തന്നെയാണവരാണെന്നും വിവാദം ഇനിയും മുൻപോട്ട്‌ കൊണ്ട്‌ പോകരുതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അശരണർക്ക്‌ കൈത്താങ്ങാകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌ മുൻപോട്ട്‌ പോകുന്ന സഭയെയും ആദരണീയരായ പിതാക്കന്മാരേയും ഈ വിഷയത്തിന്റെ പേരിൽ ക്രൂശിക്കുന്ന സമീപനം അവസാനിപ്പിക്കേണ്ടതുണ്ടെന്നും സഭാനേതൃത്വം ദുരിതമേഖലകളില്‍ വലിയ രീതിയില്‍ സഹായം എത്തിക്കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‍

കഴിഞ്ഞ ദിവസങ്ങളിൽ കവളപ്പാറ സന്ദർശിക്കവേ, ആദരണീയരായ കേരള കാത്തലിക്‌ ബിഷപ്സ്‌ കോൺഫ്രൻസ്‌ സാമൂഹിക സേവന വിഭാഗം ചെയർമാൻ തോമസ്‌ മാർ കൂറിലോസ്‌ തിരുമേനിക്കും ബത്തേരി ബിഷപ്പ്‌ ജോസഫ്‌ മാർ തോമസിനുമൊപ്പം,ഒരു പുരോഹിതൻ എടുത്ത ചിത്രത്തെ, സംബന്ധിച്ച്‌ ചർച്ചകൾ കൊഴുക്കുകയാണല്ലോ. ചില മാധ്യമങ്ങളും ഈ വാർത്ത ആഘോഷിക്കുന്നുണ്ട്‌. ഒരാൾ കാണിച്ച മനുഷ്യസഹജമായ തെറ്റിന്റെ പേരിൽ, ആദരണീയരായ പിതാക്കന്മാരെ കുറ്റപ്പെടുത്തുന്നത്‌ ശരിയല്ല എന്ന അഭിപ്രായമാണുള്ളത്‌.

അന്നേ ദിവസം പോത്തുകല്ലിൽ നടന്ന "റീബിൾഡ്‌ നിലമ്പൂർ" രൂപീകരണത്തിനായുള്ള സർവ്വകക്ഷി യോഗത്തിൽ ബത്തേരി ബിഷപ്പ്‌ പങ്കെടുത്തിരുന്നു. പാതാർ ഉൾപ്പെടെയുള്ള ദുരന്ത മേഖലകളിലും അവർ പോയിരുന്നു. പോത്തുകല്ലിലെ യോഗത്തിൽ പങ്കെടുത്ത്‌ നാട്ടുകാരുടെ ദു:ഖത്തിൽ പങ്ക്‌ ചേർന്നതിനൊപ്പം,വ്യക്തിപരമായി സംസാരിച്ചപ്പോൾ കഴിയുന്ന സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ബത്തേരി അതിരൂപതയുടെ"ശ്രേയസ്‌" പദ്ധതി വഴി അവർ നിരവധി നിർദ്ധനരുടെ കണ്ണീരൊപ്പുന്നുണ്ട്‌. ബത്തേരി ബിഷപ്പിനെ കാലങ്ങളായി നേരിട്ടറിയാം. മതസൗഹാർദ്ദം ഉയർത്തിപ്പിടിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്‌. അതിരൂപതയുടെ കീഴിൽ നടക്കുന്ന പ്രവർത്തനങ്ങളെ പറ്റിയും വ്യക്തമായ ധാരണയുണ്ട്‌.

എക്കാലവും, അശരണർക്ക്‌ കൈത്താങ്ങാകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌ മുൻപോട്ട്‌ പോകുന്ന സഭയെയും ആദരണീയരായ പിതാക്കന്മാരേയും ഈ വിഷയത്തിന്റെ പേരിൽ ക്രൂശിക്കുന്ന സമീപനം അവസാനിപ്പിക്കേണ്ടതുണ്ട്‌. പുറത്ത്‌ വന്ന ചിത്രങ്ങളിൽ നിന്ന് അത്‌ മനസ്സിലാക്കാൻ കഴിയും. ആരുടെയോ അഭ്യർത്ഥന പ്രകാരം, പോസ്‌ ചെയ്യുന്നതിനിടയിൽ നിമിഷ നേരത്തിനകം, ഒരാൾ ചെയ്ത പ്രവർത്തി മാത്രമാണിത്‌. അത്‌ ചിത്രത്തിൽ നിന്ന് വ്യക്തമാണ്.

ഞങ്ങൾ നിലമ്പൂരിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങളെ ആശ്വസിപ്പിക്കാനും സഹായിക്കാനും എത്തിയ ദൈവദൂതർ തന്നെയാണവർ.

ഈ വിവാദം ദയവായി ഇനിയും മുൻപോട്ട്‌ കൊണ്ട്‌ പോകരുത്‌...

അപേക്ഷയാണ്...


Related Articles »