News - 2024

രാജ്യത്തെ ലഹരി വിമുക്തമാക്കാന്‍ റഷ്യന്‍ സഭ

സ്വന്തം ലേഖകന്‍ 19-08-2019 - Monday

മോസ്കോ: ലഹരിമരുന്നിനു അടിമയായവര്‍ക്കുള്ള ആദ്യത്തെ സൗജന്യ സ്വകാര്യ പുനരധിവാസ കേന്ദ്രവുമായി റഷ്യന്‍ സഭ. മോസ്കോയിലെ കൊഴെവ്നികി ജില്ലയിലെ പാവെലെട്സ്കാജ ട്രെയിന്‍ സ്റ്റേഷന് സമീപമുള്ള ദി മോസ്റ്റ്‌ ഹോളി ലൈഫ്-ഗിവിംഗ് ട്രിനിറ്റി ദേവാലയത്തോട് ചേര്‍ന്ന് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയാണ് ഈ ലഹരിവിമുക്ത കേന്ദ്രം തുടങ്ങിയിരിക്കുന്നത്. റഷ്യയുടെ മാനുഷികസേവന പ്രവര്‍ത്തന ചരിത്രത്തില്‍ ഒരു പുതിയ അധ്യായമാണ് ഈ റിഹാബിലിറ്റേഷന്‍ സെന്റര്‍ തുറന്നിരിക്കുന്നത്. പാട്രിയാര്‍ക്കേറ്റിന്റെ ചാരിറ്റിക്ക് വേണ്ടിയുള്ള സിനഡല്‍ ഡിപ്പാര്‍ട്ട്മെന്റ് തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

സ്ത്രീകളെയും പുരുഷന്‍മാരെയും ഒരുപ്പോലെ താമസിപ്പിക്കുവാനുള്ള സൗകര്യം ഈ കേന്ദ്രത്തിനുണ്ട്. ലഹരിമരുന്നിന് അടിമയായവരുടെ കാര്യത്തില്‍ ആരും താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും, അവരുടെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിച്ചുകൊള്ളണമെന്നാണ് പലരും വിശ്വസിക്കുന്നതെന്ന് സഭയുടെ ചാരിറ്റി വിഭാഗം തലവനും ഒരെഖോവോ-സ്യുവോയിലെ മെത്രാനുമായ പാന്റെലെയ്മോന്‍ (ഷാടോവ്) പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ ലഹരി മരുന്നിനു അടിമയായവര്‍ക്കാണ് നമ്മുടെ സഹായം വേണ്ടത്. തന്റെ തെറ്റുകള്‍ തിരുത്തുവാനും ലഹരിമരുന്ന്‍ ഉപേക്ഷിക്കുവാനും ആഗ്രഹമുള്ളിടത്തോളം കാലം അവരെ സ്വാഗതം ചെയ്യുവാന്‍ സഭ തയ്യാറാണ്. സഭാ വിഭാഗമോ, വയസ്സോ പൗരത്വമോ കണക്കിലെടുക്കാതെ ആര്‍ക്ക് വേണമെങ്കിലും ഇവിടേക്ക് കടന്നുവരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ ഇന്റീരിയര്‍ മിനിസ്ട്രിയുടെ കണക്കനുസരിച്ച് ലഹരി പദാര്‍ത്ഥങ്ങള്‍ക്കടിമയായ ഏതാണ്ട് 5 ലക്ഷത്തോളം പേര്‍ രാജ്യത്തുണ്ട്. ഇവര്‍ക്കായി എഴുപതോളം പുനരധിവാസ കേന്ദ്രങ്ങള്‍ സര്‍ക്കാരിന്റെ കീഴിലുണ്ടെങ്കിലും സ്വകാര്യ മേഖലയിലെ ആദ്യത്തെ സൗജന്യ ലഹരിവിമോചന പുനരധിവാസ കേന്ദ്രത്തിനു അനുമതി ലഭിക്കുന്നത് ഇതാദ്യമായാണ്. ലഹരി മരുന്നിനടിമയായവരുടെ മോചനത്തിനായി റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ ഓരോ വര്‍ഷവും പത്തില്‍ കുറയാത്ത പുതിയ സംരഭങ്ങളാണ് നടപ്പിലാക്കി വരുന്നത്.


Related Articles »