News - 2025

പത്തോളം ആവശ്യങ്ങള്‍ ഉന്നയിച്ച് പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ

സ്വന്തം ലേഖകന്‍ 20-08-2019 - Tuesday

ലാഹോര്‍: ന്യൂനപക്ഷങ്ങളുടെ പത്തോളം ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പ്രമേയം പാക്കിസ്ഥാനിലെ അഭിഭാഷകർ പ്രധാനമന്ത്രി ഇമ്രാൻഖാന് കൈമാറി. ക്രൈസ്തവ, ഹിന്ദു, സിക്ക് മതങ്ങളുടെയും മറ്റ് ന്യൂനപക്ഷ മതങ്ങളുടെയും നേതാക്കൾ പ്രമേയത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. ന്യൂനപക്ഷ ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ദേവാലയങ്ങള്‍ സർക്കാർ കൈയടക്കുന്നത് അവസാനിപ്പിക്കണമെന്നും ഐക്യകണ്ഠേന എഴുതിയ പ്രമേയത്തിൽ പറയുന്നു. ന്യൂനപക്ഷങ്ങൾക്കു വേണ്ടി ഒരു ഫെഡറൽ മന്ത്രാലയം രൂപീകരിക്കണം എന്നതാണ് പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്.

ജയിലുകളിലും, ആശുപത്രികളിലും, സർക്കാർ സ്ഥാപനങ്ങളിലും ന്യൂനപക്ഷങ്ങൾക്കായി പ്രത്യേക ആരാധനാ സ്ഥലങ്ങൾ വേണമെന്നും സാമൂഹ്യ-തൊഴിൽ-വിദ്യാഭ്യാസ മേഖലകളിൽ മതത്തിന്റെ പേരിലുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് അടക്കമുള്ള ആവശ്യങ്ങളും ന്യൂനപക്ഷ സമൂഹം ഉന്നയിച്ചിട്ടുണ്ട്. ഇതോടൊപ്പം പെൺകുട്ടികളെ തട്ടികൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്യൽ, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയവക്കു കടിഞ്ഞാണിടണമെന്നും പ്രമേയത്തിൽ പറയുന്നു. വിശുദ്ധ തോമാശ്ലീഹയുടെ വരവിനുശേഷം ഒന്നാം നൂറ്റാണ്ട് മുതൽ തന്നെ ക്രിസ്തു മതത്തിന് പ്രദേശത്ത് സാന്നിധ്യമുണ്ടെന്ന് കറാച്ചി അതിരൂപതയുടെ വികാരി ജനറാളും, നീതിക്കും സമാധാനത്തിനുമായുള്ള ദേശീയ കമ്മീഷന്റെ രൂപത ഡയറക്ടറുമായ ഫാ. സാലെ ഡിയാഗോ ഏജൻസിയ ഫിഡെസ് മാധ്യമത്തോട് പറഞ്ഞു.

നൂറു ശതമാനവും തങ്ങൾ ഈ രാജ്യത്തിന്റെ ആൺമക്കളും, പെൺമക്കളുമാണെന്നും തങ്ങളെ രണ്ടാംനിര പൗരന്മാരായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമുസ്ലിമായ ഒരാൾ രാജ്യത്തിൻറെ പ്രസിഡന്റ്, പ്രധാനമന്ത്രി, ആർമി തലവൻ, മറ്റ് ഉയർന്ന ചുമതലകൾ തുടങ്ങിയവ വഹിക്കുന്നതിൽ നിന്നും ഭരണഘടന വിലക്കുന്നതിനെ വേദനയോടെയാണ് കാണുന്നതെന്ന് ക്രൈസ്തവരുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഗസാല ഷാഫിക്ക് പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ നിർബന്ധിച്ച് മതംമാറ്റുന്നതിന്റെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണെന്നും അപ്രകാരം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും ഗസാല ആവശ്യപ്പെട്ടു.


Related Articles »