News - 2024
പാപ്പയുടെ ‘ആശുപത്രിക്കപ്പല്‍’ ബ്രസീലില്‍ പ്രവര്‍ത്തനം ആരംഭിച്ചു
സ്വന്തം ലേഖകന്‍ 21-08-2019 - Wednesday
ബെലേം/ വത്തിക്കാന്‍ സിറ്റി: ആമസോൺ നദിയുടെ ആയിരം കിലോമീറ്റര്‍ തീരങ്ങളിൽ കഴിയുന്ന പരമ്പരാഗത ഗോത്രക്കാരായവർക്ക് ആരോഗ്യ പരിരക്ഷണ സൗകര്യങ്ങൾ നൽകാൻ നിര്‍മ്മിച്ച 'പോപ്പ് ഫ്രാൻസിസ്' കപ്പല്‍ ഹോസ്പിറ്റൽ പ്രവര്‍ത്തനം ആരംഭിച്ചു. 32 മീറ്റർ നീളമുള്ള കപ്പലിൽ ലബോറട്ടറി, വിവിധ രോഗനിർണയ ഉപകരണങ്ങൾ, സർജറിക്കൾക്കായുളള സൗകര്യങ്ങൾ തുടങ്ങിയവ ലഭ്യമായ ആശുപത്രിക്കപ്പൽ ബ്രസീലിലെ ബെലേം തീരത്തു കഴിഞ്ഞ ദിവസമാണ് എത്തിച്ചേര്‍ന്നത്. പൂർണ്ണമായ ആരോഗ്യ പരിരക്ഷ സജ്ജീകരണങ്ങളോടുകൂടിയ ബ്രസീലിലെ ആദ്യത്തെ കപ്പലാണ് 'പോപ്പ് ഫ്രാൻസിസ്' ഷിപ്പ്.
യേശു ജലത്തിനു മീതെ നടന്ന് കൊടുങ്കാറ്റിനെ ശാന്തമാക്കുകയും ശിഷ്യരുടെ വിശ്വാസത്തെ ബലപ്പെടുത്തുകയും ചെയ്തത് പോലെ കപ്പൽ ആത്മീയ ആശ്വാസം പകരുന്നതാട്ടെ എന്ന് പാപ്പ കത്തിലൂടെ ആശംസിച്ചു. ഒബിഡോസിലെ മെത്രാനായ ബെർണാർഡോ ബാൽമാനും ദിവ്യപരിപാലനയുടെ ഫ്രാൻസിസ്കൻ സന്യാസികൾക്കും നന്ദി പറഞ്ഞ പാപ്പ കപ്പൽ ആശുപത്രിയിൽ സേവനം ചെയ്യുന്ന ഡോക്ടർമാരേയും, നഴ്സുമാരേയും, ഉപകാരികളേയും സഹായികളേയും നസ്രത്തിലെ കന്യകയുടെ തൃപ്പാദത്തിൽ സമർപ്പിക്കുകയും ചെയ്തു കൊണ്ടാണ് പാപ്പ തന്‍റെ ആശംസ കത്ത് ഉപസംഹരിച്ചത്.
2013-ൽ ഫ്രാൻസിസ് മാർപാപ്പ ലോക യുവജന സംഗമത്തിനായി റിയോ ഡി ജനീറോയിൽ എത്തിയപ്പോൾ ഫ്രാൻസിസ്കൻ സന്യാസിയായ ഫ്രാൻസിസ്കോ ബലോട്ടി സ്ഥാപിച്ച ഒരു ആശുപത്രി സന്ദർശിച്ചിരിന്നു. അവിടെവച്ച് ആമസോണിൽ അവർക്ക് ആശുപത്രി ഉണ്ടോയെന്ന പാപ്പ തിരക്കിയപ്പോള്‍ ഇല്ല എന്നായിരിന്നു അധികാരികളുടെ മറുപടി. തുടര്‍ന്നു ആമസോണിലേക്കും സഹായം ലഭ്യമാക്കണമെന്ന് പാപ്പ നിർദ്ദേശിക്കുകയായിരിന്നു. അങ്ങനെയാണ് സന്യാസികളും അൽമായരും കൂടി അടച്ചുപൂട്ടിയിരിന്ന രണ്ട് ആശുപത്രികൾ ഏറ്റെടുക്കുന്നത്. എന്നാൽ ആശുപത്രികളിലേക്ക് പോലും വരാനുള്ള ആമസോൺ നിവാസികളുടെ യാത്രാ ബുദ്ധിമുട്ട് കണ്ട് കപ്പൽ നിർമ്മിക്കാനുള്ള പ്രവർത്തനം അവർ ആരംഭിക്കുകയായിരുന്നു.