News - 2024

കുരിശിനെ അവഹേളിച്ച ഇന്തോനേഷ്യന്‍ ഇസ്ലാമിക പ്രാസംഗികനെതിരെ പ്രതിഷേധ സുനാമി

സ്വന്തം ലേഖകന്‍ 22-08-2019 - Thursday

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മുസ്ലീം പ്രാസംഗികന്‍ വിശുദ്ധ കുരിശിനെ പരസ്യമായി നിന്ദിച്ചതിനെതിരെ കനത്ത പ്രതിഷേധം. സുമാത്ര ദ്വീപിലെ സിംപാങ് കെലയാങ് ഗ്രാമത്തില്‍വെച്ച് നടന്ന പരിപാടിക്കിടയില്‍ അബ്ദുള്‍ സൊമാദ് എന്ന ഇസ്ലാമിക പ്രഭാഷകന്‍ വിശുദ്ധ കുരിശിനെ “പിശാചിന്റേതായ ഘടകം” എന്ന് പറഞ്ഞാണ് അവഹേളിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് വീഡിയോയിലെ വിവാദ പരാമര്‍ശം പുറത്തുവന്നത്. എന്തുകൊണ്ടാണ് കുരിശ് കാണുമ്പോള്‍ വിറക്കുന്നതെന്ന ചോദ്യത്തിന് ‘സാത്താന്‍ കാരണം’ എന്നായിരുന്നു സൊമാദിന്റെ മറുപടി. ആളുകളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന നശിച്ച ജിന്ന്‍ ഓരോ കുരിശ് രൂപത്തിലുണ്ടെന്ന് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക സംഘടനയും സൊമാദിന്റെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ‘മതപരമായ ഒരു ചിഹ്നത്തിനെതിരേയുള്ള ഗുരുതരമായ അവഹേളനം’ എന്നാണ് സൊമാദിന്റെ പരാമര്‍ശത്തെ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ മുസ്ലീം സംഘടനയായ മുഹമ്മദിയാ വിശേഷിപ്പിച്ചത്. ഇസ്ലാമിന്റെ മതചിഹ്നത്തിനെതിരെ മറ്റൊരു മതവിശ്വാസിയായിരിന്നു ഈ പരാമര്‍ശം നടത്തിയിരുന്നതെങ്കില്‍ എന്തായിരിക്കും അവസ്ഥയെന്ന കാര്യം തനിക്ക് സങ്കല്‍പ്പിക്കുവാന്‍ പോലും കഴിയുന്നില്ലെന്ന്‍ സംഘടനയുടെ കേന്ദ്ര പൊതുനയ വിഭാഗം സെക്രട്ടറിയായ അബ്ദുള്‍ രോഹിം ഗസാലി പറഞ്ഞു.

വിവാദ പരാമര്‍ശത്തിനെതിരെ ക്രിസ്ത്യന്‍ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. വിശ്വാസപരമായ ചിഹ്നത്തെ അപമാനിച്ചതിന് ഉസ്താദ്‌ അബ്ദുല്‍ സൊമാദിനെതിരെ മതനിന്ദാക്കുറ്റം ആരോപിച്ച് കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് കിഴക്കന്‍ നുസാ ടെന്‍ഗാരയിലെ മിയോ ബ്രിഗേഡ് എന്ന ക്രിസ്ത്യന്‍ സംഘടനയുടെ അഭിഭാഷകനായ യാക്കോബ സിയൂബേലന്‍ പറഞ്ഞു. അതേസമയം പരാമര്‍ശം വിവാദമായ സാഹചര്യത്തിലും പൊതുസ്ഥലത്തോ, സ്റ്റേഡിയത്തിലോ അല്ല താന്‍ ഈ പരാമര്‍ശം നടത്തിയതെന്നും, മുസ്ലീം പള്ളിയില്‍ വെച്ചാണെന്നുമുള്ള ന്യായീകരണമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയിലെ ക്രൈസ്തവ വിശ്വാസത്തിന്റെ വളര്‍ച്ച പലരെയും വിറളിപിടിപ്പിക്കുന്നുണ്ടെന്നാണ് സൊമാദിന്റെ വിവാദ പരാമര്‍ശത്തില്‍ നിന്നും വ്യക്തമാകുന്നത്.


Related Articles »