India - 2025
വലിയ കുടുംബം സന്തുഷ്ട കുടുംബം എന്ന കാഴ്ചപ്പാടിലേക്കു തിരിയണം: കെസിബിസി പ്രോലൈഫ് സമിതി
സ്വന്തം ലേഖകന്‍ 23-08-2019 - Friday
കൊച്ചി: ചെറിയ കുടുംബം സന്തുഷ്ട കുടുംബം എന്ന വാക്കുകള്‍ യാഥാര്‍ഥ്യങ്ങള്‍ക്കു നിരക്കാത്തതാണെന്നും വലിയ കുടുംബം സന്തുഷ്ട കുടുംബം എന്ന കാഴ്ചപ്പാടിലേക്കു തിരിയണമെന്നു കെസിബിസി പ്രോലൈഫ് സമിതി എറണാകുളം മേഖലാ സമ്മേളനം. ഇന്ത്യയില്‍ കുടുംബാസൂത്രണം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കണമെന്നും അത് രാജ്യസ്‌നേഹത്തിന്റെ അടയാളമാണെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകളില്‍ എറണാകുളം പ്രോലൈഫ് സമിതി ആശങ്കയും ഉത്ക്കണ്ഠയും രേഖപ്പെടുത്തി.
ജനസംഖ്യ ബാധ്യതയല്ല, സാധ്യതയാണെന്നു തിരിച്ചറിയണം. ഒരു രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിനു മാനവ വിഭവശേഷി വലിയ പങ്കു വഹിച്ചിട്ടുണ്ട്. തൊഴില്‍ ശേഷിയുള്ള ധാരാളം ചെറുപ്പക്കാര്‍ വളര്‍ന്നു വരേണ്ടത് ഇന്നത്തെ കുഞ്ഞുങ്ങളിലൂടെയാണ്. ദാരിദ്ര്യത്തിന് കാരണം ജനപ്പെരുപ്പമല്ല, അഴിമതിയും ചൂഷണവും കെടുകാര്യസ്ഥതയുയുമാണ്.
കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞു പോയതു കുടുംബത്തിലും സമൂഹത്തിലും പലപ്രശ്‌നങ്ങള്‍ക്കും തിന്‍മകള്‍ക്കും കാരണമായിട്ടുണ്ടെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. ശിശു സംരക്ഷണത്തിനും കുട്ടികളുടെ നന്‍മയ്ക്കുമായി കൂടുതല്‍ നിയമങ്ങള്‍ സൃഷ്ടിച്ച് ഒരു വശത്തു മുന്നേറുന്‌പോള്‍ മറുവശത്തു നിയമത്തില്‍ അയവു വരുത്തി ഭ്രൂണഹത്യയിലൂടെ ശിശുക്കളെ വധിക്കാന്‍ ലൈസന്‍സ് കൊടുക്കാനുള്ള ശ്രമം വൈരുധ്യമാണെന്നു യോഗം കുറ്റപ്പെടുത്തി.
മൂവാറ്റുപുഴ നെസ്റ്റില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ജോണ്‍സണ്‍ സി. ഏബ്രഹാം അധ്യക്ഷനായിരുന്നു. മേഖലാ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വലിയതാഴത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സാബു ജോസ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ജോയ്‌സ് മുക്കുടം, ആനിമേറ്റര്‍ സിസ്റ്റര്‍ ജൂലി ഗ്രേസ്, വൈസ് പ്രസിഡന്റ് ബിന്ദു വള്ളമറ്റം, നഴ്‌സിംഗ് മിനിസ്ട്രി കോ ഓര്‍ഡിനേറ്റര്‍ മേരി ഫ്രാന്‍സിസ്‌ക, വിധവാ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ ഷൈനി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
