News - 2024

ബുർക്കിനാ ഫാസോയില്‍ ക്രൈസ്തവ സാന്നിധ്യം ഇല്ലാതാകുമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍ 23-08-2019 - Friday

ഓഗദോങ്ങു: ആഫ്രിക്കന്‍ രാജ്യമായ ബുർക്കിനാ ഫാസോയിൽ ലോക രാജ്യങ്ങളുടെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ക്രൈസ്തവ സാന്നിധ്യം നാമാവശേഷമായി മാറുമെന്ന് മുന്നറിയിപ്പ്. ബുർക്കിനാ ഫാസോയുടെയും, നൈജറിന്റെയും മെത്രാൻ സമിതിയുടെ അധ്യക്ഷനായ മോൺസിഞ്ഞോർ ലോറന്റ് ബിർഫൂറേ ഡബീറേയാണ് ഏറെ നിര്‍ണ്ണായകമായ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പുറത്തുനിന്നുള്ള സഹായം കൈപ്പറ്റുന്ന തീവ്രവാദികള്‍ക്ക് കേന്ദ്രസേനയെക്കാൾ ശക്തിയുണ്ടെന്നും തീവ്രവാദികളുടെ പ്രധാന ലക്ഷ്യം ക്രൈസ്തവരാണെന്നും ബിഷപ്പ് ലോറന്റ് ബിർഫൂറേ വെളിപ്പെടുത്തി.

മതങ്ങൾ തമ്മിലുള്ള കലാപത്തിനാണ് അവര്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. സുരക്ഷാ ഭീഷണി മൂലം രണ്ട് ദേവാലയങ്ങൾ അടക്കേണ്ടി വന്നതായും മോൺസിഞ്ഞോർ ലോറന്റ് ബിർഫൂറേ കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 19നു ഉത്തര ബുർക്കിനാ ഫാസോയിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ 24 സൈനികരാണ് കൊല്ലപ്പെട്ടത്. 7 സൈനികർക്ക് പരിക്കേറ്റു. അഞ്ച് പേരെ പറ്റി ഇതുവരെ യാതൊരു വിവരങ്ങളും ലഭ്യമായിട്ടില്ല.

രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്നു കത്തോലിക്കാ വിശ്വാസികളാണ്. സഭയ്ക്ക് നിയമപരമായ സാധുതക്കു വില കല്‍പ്പിക്കുന്ന ബില്ലിൽ വത്തിക്കാനും ബുർക്കിനാ ഫാസോയും കഴിഞ്ഞ മാസം ഒപ്പുവെച്ചിരിന്നു. ഈ സാഹചര്യത്തിലും വിശ്വാസികള്‍ക്ക് നേരെ തീവ്രവാദികളുടെ ഭീഷണി ശക്തമായി തുടരുകയാണ്.


Related Articles »