News - 2025
ബുർക്കിനാ ഫാസോയിൽ നാലാമത്തെ ആക്രമണം: 4 വിശ്വാസികള്‍ കൂടി കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍ 27-05-2019 - Monday
റ്റിറ്റായോ: ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിൽ വീണ്ടും തീവ്രവാദി ആക്രമണം. ഇന്നലെ ഞായറാഴ്ച ക്രൈസ്തവ ദേവാലയത്തിൽ അതിക്രമിച്ചു കയറി തോക്കുധാരി നടത്തിയ ആക്രമണത്തില്‍ നാല് ക്രൈസ്തവര്‍ കൂടി കൊല്ലപ്പെട്ടു. റ്റിറ്റായോ എന്ന പട്ടണത്തിലെ ദേവാലയത്തിലാണ് ആക്രമണമുണ്ടായത്. ഏതാനും വിശ്വാസികൾക്ക് വെടിവെപ്പിൽ പരുക്കേറ്റു. ഈ മാസത്തിൽ തന്നെ ക്രൈസ്തവർക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണ് ഇത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഈ മാസം രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ദേവാലയങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ പതിനഞ്ചു പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ആഫ്രിക്കയുടെ സാഹൽ പ്രവിശ്യയിലും, രാജ്യത്തിന്റെ ഏതാനും ഭാഗങ്ങളിലും പ്രവർത്തിക്കുന്ന ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനത്തെയാണ് സർക്കാർ സംശയിക്കുന്നത്. ബുർക്കിനാ ഫാസോ എന്ന രാജ്യം ഇന്ന് പല തീവ്രവാദ വിഭാഗങ്ങളുടെയും താവളമാണ്.
ഏപ്രിൽ അവസാനം ഉത്തര ബുർക്കിനാ ഫാസോയിലെ 'ദേവാലയത്തിൽ തോക്കുധാരി പാസ്റ്ററെയും, പ്രാർത്ഥനയ്ക്കായി ദേവാലയത്തിൽ എത്തിയ അഞ്ച് വിശ്വാസികളെയും വധിച്ചത്. മെയ് മാസം പന്ത്രണ്ടാം തീയതി ടാബ്ലോ നഗരത്തിലെ ദേവാലയത്തിൽ ആക്രമികൾ കത്തോലിക്ക ദേവാലയം തകർക്കുകയും, വൈദികനെയും അഞ്ചു വിശ്വാസികളെയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
രണ്ടു ദിവസങ്ങള്‍ക്ക് ശേഷം കന്യകാമാതാവിന്റെ തിരുസ്വരൂപവും വഹിച്ച് വാഹിഗോയ പട്ടണത്തില്‍ പ്രദക്ഷിണം നടത്തിയ നാലു കത്തോലിക്കാ വിശ്വാസികളെയും തോക്കുധാരികള്‍ കൊലപ്പെടുത്തി. തുടര്‍ച്ചയായി ക്രൈസ്തവരെ തിരഞ്ഞുപിടിച്ചുള്ള ആക്രമണത്തില്‍ ഭീതിയിലാണ് രാജ്യത്തെ ക്രിസ്തീയ സമൂഹം.
