News - 2024

ബുർക്കിനാ ഫാസോയില്‍ കാണാതായ കത്തോലിക്ക വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

പ്രവാചക ശബ്ദം 22-01-2021 - Friday

ഔഗാഡൗഗൂ: ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയില്‍ കാണാതായ കത്തോലിക്ക വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറുള്ള സൗബാകന്യാഡോഗുവിൽ നിന്നും രൂപതാ വൈദികരുടെ സമ്മേളനത്തിൽ പങ്കെടുക്കുവാൻ ബാൻ ഫൊറായിലേക്കു നടത്തിയ യാത്രാ മധ്യേ കാണാതായ ഫാ. റോഡ്രിഗ് സനോന്‍ എന്ന വൈദികനെയാണ് ബാൻ ഫോറയ്ക്കു ഇരുപതു കിലോമീറ്റർ അകലെ വനത്തിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വൈദികന്റെ വാഹനം നേരത്തെ തൗമോസ്സനിയിൽ കണ്ടെത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിരിന്നില്ല. ബാന്‍ഫോറ ബിഷപ്പ് ലൂക്കാസ് കൽഫയാണ് വൈദികന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.

ബുർക്കിനാ ഫാസോയില്‍ ക്രൈസ്തവ സമൂഹം കടുത്ത വിവേചനമാണ് നേരിടുന്നത്. 2019 മാർച്ചിൽ കാണാതായ ഫാ. ജോയേൽ യൂഗ്ബാരേയെ കുറിച്ച് ഇപ്പോഴും വിവരമൊന്നും ലഭിച്ചിട്ടില്ല. രാജ്യത്തിന്റെ ഉത്തര ദിക്കിലുള്ള ഡോറി രൂപതക്കാരനായ വൈദികൻ ബൊട്ടോഗ്വി എന്ന സ്ഥലത്ത് ഞായറാഴ്ച ബലി അർപ്പിച്ചതിനു ശേഷം സ്വന്തം ഇടവകയായ ജീബോയിലേക്ക് മടങ്ങുന്നതിനിടയിലാണ് കാണാതായത്. ഇതേ വർഷം മെയ് 12ന് ഡാബ്ലോ ഇടവകയിൽ ഉണ്ടായ ആക്രമണത്തിൽ സിമിയോൻ യമ്പാ എന്ന വൈദികനും അഞ്ച് വിശ്വാസികളും കൊല്ലപ്പെട്ടിരിന്നു.

പിറ്റേന്ന് സിംഗായിലെ മരിയൻ പ്രദക്ഷിണത്തിനു നേരെയുണ്ടായ ആക്രമണത്തിൽ നാല് വിശ്വാസികൾ കൊല്ലപ്പെടുകയും ദൈവമാതാവിന്റെ സ്വരൂപം നശിപ്പിക്കപ്പെടുകയും ചെയ്തു. 60 ശതമാനം മുസ്ലീങ്ങളുള്ള ബുര്‍ക്കിനാ ഫാസോയില്‍ വെറും ഇരുപതു ശതമാനം മാത്രമാണ് ക്രൈസ്തവര്‍. രാജ്യത്തെ നിരപരാധികളായ ക്രിസ്ത്യാനികള്‍ക്ക് നേര്‍ക്കുള്ള അക്രമങ്ങള്‍ തടയുവാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം യാചിച്ച് ഡോറി രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ലോറന്റ് ബിര്‍ഫുവോരെ ഡാബിരെ നേരത്തെ രംഗത്തെത്തിയിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »