India - 2025
സഭയെ തകര്‍ക്കാന്‍ ഗൂഢാലോചന: കത്തോലിക്കാ കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍ 24-08-2019 - Saturday
കൊച്ചി: ഏതാനും ചിലര്‍ സഭയെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുന്നതായി കത്തോലിക്കാ കോണ്‍ഗ്രസ്. ഏതെങ്കിലും വിഷയത്തില്‍ സഭാംഗങ്ങള്‍ക്ക് ആശങ്കയോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടെങ്കില്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സിനഡ് അവസരം നല്‍കിയിട്ടും സഭയെ പൊതുസമൂഹത്തില്‍ അകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നതില്‍ കടുത്ത പ്രതിഷേധമുണ്ട്. ക്രൈസ്തവികമല്ലാത്ത ആഹ്വാനങ്ങളും പ്രതിഷേധങ്ങളും അവസാനിപ്പിച്ചു സഭയോടു ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. പ്രതിഷേധങ്ങളിലൂടെ സഭയെ അപകീര്‍ത്തിപ്പെടുത്തി കൂട്ടായ്മ തകര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളെ സമുദായം ഒറ്റക്കെട്ടായി നേരിടുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കത്തോലിക്കാ കോണ്‍ഗ്രസിന്റെ എല്ലാ ഘടകങ്ങളും സജീവമായി സഭയെ സംരക്ഷിക്കാന്‍ സജ്ജമാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചകുന്നേല്‍, ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.
