News - 2024

ഈസ്റ്റർ സ്ഫോടന ഇരകളെ രക്തസാക്ഷികളെന്ന് വിശേഷിപ്പിച്ച് ശ്രീലങ്കന്‍ കര്‍ദ്ദിനാള്‍

സ്വന്തം ലേഖകന്‍ 28-08-2019 - Wednesday

കൊളംബോ: ശ്രീലങ്കയിൽ ഈസ്റ്റർ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട വിശ്വാസികൾ എല്ലാവരും രക്തസാക്ഷികളാണെന്ന് ശ്രീലങ്കന്‍ ആര്‍ച്ച് ബിഷപ്പും കൊളംബോ അതിരൂപതയുടെ അധ്യക്ഷനുമായ കർദ്ദിനാൾ മാൽക്കം രഞ്ജിത്. കൊളംബോയിൽ നിന്ന് 20 കിലോമീറ്റർ വടക്ക് ടെവാട്ടയിലുള്ള ബസിലിക്ക ഓഫ് ഔർ ലേഡി ഓഫ് ലങ്കയിൽവെച്ച് നടന്ന രോഗീദിനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇവരെല്ലാവരും തങ്ങളുടെ വിശ്വാസത്തെ പ്രതിയാണ് കൊല്ലപ്പെട്ടതെന്നും അതിനാൽ തന്നെ ഇവർ രക്തസാക്ഷികളാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. വരുന്ന സെപ്റ്റംബർ മൂന്നാം തീയതി ഫ്രാൻസിസ് പാപ്പയെ സന്ദര്‍ശിക്കുമ്പോള്‍ ആ അവസരത്തിൽ വിശ്വാസികളുടെ രക്തസാക്ഷിത്വത്തെ കുറിച്ച് വിശദീകരിക്കുമെന്നും കര്‍ദ്ദിനാള്‍ വെളിപ്പെടുത്തി.

കൊല്ലപ്പെട്ടവരുടെ ശവകുടീരങ്ങൾ ഭാവിയിൽ വിശുദ്ധരുടെ ശവകുടീരങ്ങളായി മാറുമെന്ന സൂചനയും അദ്ദേഹം നല്കിയിട്ടുണ്ട്. കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ഇസ്ളാമിക തീവ്രവാദികളുടെ നരയാട്ടിനെ തുടര്‍ന്നു 250-ല്‍ അധികം പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സെന്റ് ആന്റണീസ് ദേവാലയത്തിലും നെഗംബോ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലും ബട്ടിക്കലോവയിലെ സിയോന്‍ ചര്‍ച്ചിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമാണ് ചാവേര്‍ ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്സ് പിന്നീട് ഏറ്റെടുത്തിരിന്നു.


Related Articles »