India - 2025

വിശ്വാസത്തെ മുറിപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിക്ക് കെ‌എല്‍‌സി‌എ

സ്വന്തം ലേഖകന്‍ 29-08-2019 - Thursday

കൊച്ചി: കത്തോലിക്കാസഭയിലെ വിവിധ വിഷയങ്ങള്‍ അതീവ മോശകരമായി അവതരിപ്പിച്ചു സഭാവിശ്വാസികളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിപ്പുകള്‍ ഇടുന്നവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടു കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന പോലീസ് മേധാവിക്കു പരാതി നല്‍കി. സന്യസ്തര്‍ക്കെതിരേ പൊതുവിലും അതുവഴി കന്യാസ്ത്രീഭവനങ്ങള്‍ക്കെതിരേയും അശ്ലീലങ്ങള്‍ എഴുതി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിടുന്ന വ്യക്തികളെ നിരീക്ഷിക്കാനും ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരേ നടപടി എടുക്കാനും തയാറാകണമെന്നു പരാതിയില്‍ ആവശ്യപ്പെട്ടു.

മനഃപൂര്‍വം മതവികാരങ്ങളെ മുറിവേല്‍പ്പിക്കുന്ന തരത്തില്‍ സ്ഥിരമായി സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ആളുകളെ നിരീക്ഷിക്കുന്നതിനും കുറ്റകരമെന്നു കണ്ടാല്‍ നടപടിയെടുക്കുന്നതിനും പോലീസിന്റെ സൈബര്‍ വിഭാഗം തയാറാകണമെന്നും കെഎല്‍സിഎ ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ്, ട്രഷറര്‍ എബി കുന്നേപ്പറന്പില്‍, വൈസ് പ്രസിഡന്റുമാരായ ഇ.ഡി. ഫ്രാന്‍സിസ്, ജി. സഹായദാസ്, ജോസഫ് ജോണ്‍സന്‍, ബേബി ഭാഗ്യോദയം, ടി.എ. ഡാല്‍ഫിന്‍, എസ്.ഉഷാകുമാരി, അജു ബി. ദാസ്, സെക്രട്ടറിമാരായ എം.സി. ലോറന്‍സ്, ജസ്റ്റിന്‍ ആന്റണി, ബിജു ജോസി, ദേവസി ആന്റണി, ജോണ്‍ ബാബു, ജസ്റ്റീന ഇമ്മാനുവല്‍, ഫോറം കണ്‍വീനര്‍മാരായ ജസ്റ്റിന്‍ കരിപ്പാട്ട്, ജോര്‍ജ് നാനാട്ട്, ബിജു രാജു, ഷൈജ ടീച്ചര്‍, എഡ്വേര്‍ഡ് ഫ്രാന്‍സീസ്, വിന്‍സ് പെരിഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.


Related Articles »