News - 2024

വത്തിക്കാന്‍ കരാറിന് ശേഷം ചൈനയില്‍ രണ്ടാമത്തെ ബിഷപ്പും അഭിഷിക്തനായി

സ്വന്തം ലേഖകന്‍ 30-08-2019 - Friday

ഹാന്‍ഷോങ്ങ്: മെത്രാന്‍ നിയമനത്തെ സംബന്ധിച്ചുള്ള ചൈന-വത്തിക്കാന്‍ കരാറിനു ശേഷം രണ്ടാമത്തെ മെത്രാഭിഷേകവും നടന്നു. ചൈനയിലെ ഹാന്‍ഷോങ് രൂപതയുടെ ഭരണകാര്യങ്ങളില്‍ സഹായ മെത്രാനായി നാല്‍പ്പത്തിനാലുകാരനായ മോണ്‍. സ്റ്റെഫാനോ സു ഹോങ്വെയാണ് അഭിഷിക്തനായിരിക്കുന്നത്. പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തോടെയാണ് പുതിയ മെത്രാന്റെ അഭിഷേകമെന്ന്‍ വത്തിക്കാന്‍ പ്രസ്സ് ഓഫീസ് ഡയറക്ടര്‍ സ്ഥിരീകരിച്ചു. ഓഗസ്റ്റ് 28-ന് ഹാന്‍ഷോങ്ങിലെ സെന്റ്‌ മൈക്കേല്‍ കത്തീഡ്രലില്‍ വെച്ച് നടന്ന അഭിഷേക ശുശ്രൂഷകള്‍ക്ക് കുന്‍മിങ് രൂപതയുടെ മെത്രാനും, ചൈനീസ് മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ മോണ്‍. മാ യിങ്ലി നേതൃത്വം നല്‍കി.

വത്തിക്കാനിലെ പൊന്തിഫിക്കല്‍ ഉര്‍ബാനിയാനും സര്‍വ്വകലാശാലയിലും, കാനഡയിലും അജപാലക സംബന്ധിയായ പഠനങ്ങള്‍ നടത്തിയിട്ടുള്ള മോണ്‍. സു ഹോങ്വെ 2002-ലാണ് തിരുപ്പട്ടം സ്വീകരിച്ചത്. ‘സത്യത്തിലും സ്നേഹത്തിലും സേവനം’ എന്നര്‍ത്ഥം വരുന്ന "സെര്‍വയര്‍ ഇന്‍ വെരിറ്റേറ്റ് എറ്റ് കാരിറ്റേറ്റ് എന്ന ലാറ്റിന്‍ വാക്യമാണ് പുതിയ മെത്രാന്റെ ഔദ്യോഗിക മുദ്രാവാക്യം. ഷാന്‍‌ക്സി മേഖലയില്‍ നിന്നുള്ള 7 മെത്രാന്മാര്‍ക്ക് പുറമേ 80 പുരോഹിതരും, നിരവധി കന്യാസ്ത്രീകളും ആയിരത്തോളം വിശ്വാസികളും അഭിഷേക ശുശ്രൂഷയില്‍ പങ്കെടുത്തു.

പുതിയ മെത്രാനെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ട് ചൈനീസ് മെത്രാന്‍ സമിതി പുറത്തുവിട്ട ഔദ്യോഗിക രേഖയില്‍ “പാപ്പ സ്ഥാനാര്‍ത്ഥിയെ അംഗീകരിച്ചിട്ടുണ്ട്” എന്ന് പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പ്രാബല്യത്തില്‍ വന്ന ചൈന- വത്തിക്കാന്‍ കരാര്‍ നാളിതുവരെ ഫലരഹിതമായി തുടരുകയായിരിന്നു. കരാറിന് ഒരു വര്‍ഷത്തിന് ദിവസങ്ങള്‍ ശേഷിക്കെ കഴിഞ്ഞ ദിവസമാണ് ആദ്യ സ്ഥാനാരോഹണം നടന്നത്. ഓഗസ്റ്റ് 26നു ചൈനയിലെ ഇന്നര്‍ മംഗോളിയയിലെ ജിന്നിംഗ് രൂപതയിലെ മെത്രാനായി ഫാ. അന്റോണിയോ യാവോ ഷുനാണ് അന്നു സ്ഥാനാരോഹണം ചെയ്തത്.


Related Articles »