India - 2024

സഭൈക്യത്തിന്റെ കാഹളം ഇന്നു കുറവിലങ്ങാട്ട് മുഴങ്ങും

സ്വന്തം ലേഖകന്‍ 01-09-2019 - Sunday

കുറവിലങ്ങാട്: ഒന്നര വര്‍ഷത്തോളം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ സഭൈക്യത്തിന്റെ കാഹളം ഇന്നു കുറവിലങ്ങാട് മുഴങ്ങും. കേരളത്തിലെ എട്ട് ക്രൈസ്തവ സഭാ തലവന്മാരുടെയും ഇരുപതിനായിരത്തിലധികം പ്രതിനിധികളുടെയും ഒത്തുചേരലാണ് ഇന്നു നടക്കുന്ന നസ്രാണി സംഗമം. 1.30ന് സമ്മേളനത്തിനു മുന്നോടിയായുള്ള പരിപാടികള്‍ ആരംഭിക്കും. 2.30ന് സമ്മേളനം ആരംഭിക്കും. ക്രിസ്തു ശിഷ്യനായ മാർത്തോമായുടെ പിൻഗാമികളായ നസ്രാണി ക്രിസ്ത്യാനികളുടെ ഈറ്റില്ലം കൂടിയാണ് കുറവിലങ്ങാട്. കൂനൻകുരിശ് സത്യത്തിന് മുൻപ് ക്രൈസ്തവ സഭ ഒന്നായിരുന്നപ്പോൾ സഭയ്ക്ക് നേതൃത്വം നൽകിയ അർക്കദിയാക്കോന്മാരുടെ പ്രവർത്തന കേന്ദ്രവും തറവാടും കുറവിലങ്ങാടായിരുന്നു.

1653-ലെ കൂനൻകുരിശ് സത്യം കഴിഞ്ഞ് 365 വർഷത്തിന് ശേഷമാണ് പലതായി പിരിഞ്ഞു പോയ എട്ട് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും പ്രതിനിധികളും നസ്രാണി സംഗമത്തിനായി വീണ്ടും കുറവിലങ്ങാട് ഒന്നിച്ചു ചേരുന്നത്. മാർത്തോമാ ശ്ലീഹായുടെ പാരമ്പര്യം അവകാശപ്പെടുന്ന സിറോ മലബാർ, സിറോ മലങ്കര, ഓർത്തഡോക്സ്, യാക്കോബായ, അസ്സീറിയൻ, തൊഴിയൂർ സഭാ മേലധ്യക്ഷന്മാരും ഈ സഭകളിൽ ഉൾപ്പെട്ട വിവിധ കുടുംബങ്ങളിൽപ്പെട്ടവരുമാണ് സംഗമത്തിൽ ഒത്തു ചേരുന്നത്. ഉണരാം, ഒരുമിക്കാം ഉറവിടത്തിൽ എന്ന ആഹ്വാനത്തോടെയാണ് ഒന്നാം നസ്രാണി മഹാസംഗമം നടത്തപ്പെടുന്നത്.

കുറവിലങ്ങാട് നസ്രാണിമഹാസംഗമത്തിന് ഒരുക്കമായി ഇടവകയിലെ സന്യസ്തരുടെ സംഗമം കഴിഞ്ഞ ദിവസം നടത്തി. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന വൈദികരും സന്യസ്തരും തങ്ങളുടെ മാതൃ ഇടവകയിൽ മുത്തിയമ്മയുടെ സന്നിധിയിൽ ഒത്തു ചേർന്ന് വിശുദ്ധ ബലിയിൽ പങ്കെടുത്തപ്പോൾ അനേകർക്ക് അത് ആത്മീയതയുടെ പുത്തൻ ഉണർവേകി. തുടർന്ന് പാരിഷ് ഹാളിൽ സമ്മേളനം നടന്നു.


Related Articles »